ബിജെപിക്കെതിരെ രൂക്ഷ വിമർശനയവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. മഹാരാഷ്ട്രയിൽ കലാപം ഇളക്കിവിടുന്നത് കാവി പാർട്ടിയാണെന്ന് ആദിത്യ താക്കറെ ആരോപിച്ചു. ഹൈദരാബാദിലെ ഗീതം യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ആദിത്യ താക്കറെയുടെ പ്രതികരണം. “നമ്മുടെ ഹിന്ദുത്വം വ്യക്തമായി നിർവചിക്കപ്പെട്ടിരിക്കുന്നു. ആളുകൾ കഴിക്കുന്നതിന്റെ പേരിൽ ഞങ്ങൾ ആരെയും കത്തിക്കുന്നില്ല. ബിജെപിയുടെ ഹിന്ദുത്വം അതാണെങ്കിൽ, എനിക്കും എന്റെ അച്ഛനും എന്റെ മുത്തച്ഛനും ഞങ്ങളുടെ ആളുകൾക്കും അത് സ്വീകാര്യമല്ല,” താക്കറെ പറഞ്ഞു.
കേന്ദ്രസർക്കാർ കാരണമാണ് രാമക്ഷേത്രം നിർമിക്കുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും കേന്ദ്രസർക്കാരല്ല സുപ്രീം കോടതിയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. “കാശ്മീരി പണ്ഡിറ്റുകളുടെ കാര്യമോ? ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ അനുകൂല പാർട്ടി എന്തുകൊണ്ടാണ് കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് സംസാരിക്കാത്തത്? ഇന്ന് കശ്മീരി പണ്ഡിറ്റുകൾ പോലും കൊല്ലപ്പെടുമ്പോൾ കശ്മീരിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരാണ് ആവശ്യപ്പെടുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്റെ മുത്തച്ഛന്റെ ആശയങ്ങളിൽ ബിജെപി വിശ്വസിച്ചിരുന്നെങ്കിൽ, മുത്തച്ഛൻ കെട്ടിപ്പടുത്ത പാർട്ടിയെ അവർ അവസാനിപ്പിക്കാൻ ശ്രമിക്കില്ലായിരുന്നു,” താക്കറെ പറഞ്ഞു. അതേസമയം ബിജെപിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ ഒരു ദിവസത്തെ സന്ദർശനത്തിനായാണ് ആദിത്യ താക്കറെ എത്തിയത്. രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.