‘മര്‍ദനം പേടിച്ചാണ് നാടുവിട്ടത്; ഇനി ഭാര്യയുടെ അടുത്തേക്കില്ല’: നൗഷാദ്

0
81

പത്തനംതിട്ട പരുത്തിപ്പാറയിലെ നൗഷാദ് തിരോധാന കേസില്‍ അടിക്കടി ട്വിസ്റ്റ്. ഭാര്യ കൊന്ന് കൊലപ്പെടുത്തിയെന്ന വാര്‍ത്തയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദ് തൊടുപുഴയില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. നൗഷാദിനെ ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന വാര്‍ത്ത പ്രചരിച്ചപ്പോഴും സംഭവിച്ചതൊന്നും അറിയാതെ തൊടുപുഴയില്‍ പറമ്പില്‍ പണിയെടുത്ത് ജീവിക്കുകയായിരുന്നു നൗഷാദ്.

വീട്ടില്‍ നിന്നിറങ്ങിയ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി നൗഷാദ് ഇടുക്കി തൊമ്മന്‍കുത്ത് ടൂറിസം കേന്ദ്രത്തിന് സമീപം കുഴിമറ്റം എന്ന സ്ഥലത്തായിരുന്നു താമസം. രണ്ട് വര്‍ഷം മുന്‍പ് ഭാര്യയുമായി ചെറിയ വഴക്കുണ്ടായി. തുടര്‍ന്ന് ഭാര്യ വിളിച്ചുകൊണ്ടുവന്ന ആളുകള്‍ തന്നെ മര്‍ദിച്ചതോടെ പേടിച്ച് നാട് വിട്ടുപോകുകയായിരുന്നു എന്നാണ് നൗഷാദ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം.

നാട്ടിലേക്ക് ഇനി തിരികെ വരാന്‍ താത്പര്യമില്ല. തന്നെ കാണാതായത് സംബന്ധിച്ച് കേസ് ഒന്നും അറിഞ്ഞിരുന്നില്ല. മദ്യം കഴിച്ച് വീട്ടില്‍ വഴക്കുണ്ടാക്കിയെന്ന് പറയുന്നത് ശരിയല്ല. രണ്ട് വര്‍ഷമായി മൊബൈല്‍ ഉപയോഗിച്ചിട്ടുമില്ല. കുട്ടികളെ കാണാന്‍ തോന്നിയിട്ടും പോയിട്ടില്ല. ആരെയും ബന്ധപ്പെടാറില്ല. താന്‍ ഇവിടെയുണ്ടെന്ന് സ്വന്തം വീട്ടുകാര്‍ക്ക് പോലും അറിയില്ലായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

‘നാട്ടിലേക്ക് പോയാല്‍ ഇനിയും മര്‍ദിക്കുമോ എന്ന് പേടിയായിരുന്നു. നാട്ടുകാരും ഭാര്യ അയച്ച ആളുകളുമാണ് മര്‍ദിച്ചത്. ഭാര്യയുമായി നേരത്തെയും പ്രശ്‌നമുണ്ടായിരുന്നു. പക്ഷേ അന്നൊന്നും ഇങ്ങനെ മര്‍ദനമൊന്നും ഉണ്ടായിരുന്നില്ല. ആര്‍ക്കും അറിയില്ലായിരുന്നു തൊടുപുഴ ആണെന്ന്. പരിചയമുള്ള ഒരു അമ്മച്ചിയാണ് ഇവിടെ ജോലി തന്നത്. പത്തനംതിട്ടയിലേക്ക് ഇനി മടങ്ങിപ്പോക്കില്ല. ഇവിടെ തന്നെ ജോലി ചെയ്ത് ജീവിക്കാനാണ് തീരുമാനം. ഇന്ന് രാവിലെയാണ് സംഭവങ്ങള്‍ അറിയുന്നത്. കൊന്ന് കൊലപ്പെടുത്തിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയൊന്നും ഞാനറിഞ്ഞിട്ടില്ല’…. നൗഷാദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here