വാഷിംഗ്ടണ്‍: ഇന്ത്യയിലേക്കുള്ള യാത്രയില്‍ ജാഗ്രത പാലിക്കണം എന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ ജാഗ്രതാ നിര്‍ദേശം. കുറ്റകൃത്യവും തീവ്രവാദവും കാരണം ഇന്ത്യയിലേക്കുള്ള യാത്രയില്‍ വലിയ ജാഗ്രത വേണം എന്നാണ് അമേരിക്കയുടെ നിര്‍ദേശം. ജമ്മു കശ്മീരിലേക്കുള്ള യാത്ര ചെയ്യരുതെന്നും അമേരിക്ക വ്യക്തമാക്കി.
ഭീകരവാദവും ആഭ്യന്തര അശാന്തിയും കാരണം ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ കിഴക്കന്‍ ലഡാക്ക് മേഖലയും അതിന്റെ തലസ്ഥാനമായ ലേയും ഒഴികെ ഉള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുത്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സായുധ സംഘട്ടനത്തിന് സാധ്യതയുണ്ട് എന്നും അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ബലാത്സംഗം എന്ന് ഇന്ത്യന്‍ അധികാരികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗികാതിക്രമം പോലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ ടൂറിസ്റ്റ് സൈറ്റുകളിലും മറ്റ് സ്ഥലങ്ങളിലും നടന്നിട്ടുണ്ട് എന്നും അമേരിക്കയുടെ മുന്നറിയിപ്പിലുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് കാനഡയും സമാനമായ നിര്‍ദേശം പൗരന്‍മാര്‍ക്ക് നല്‍കിയിരുന്നു. സുരക്ഷാ സാഹചര്യവും കുഴിബോംബുകളുടെ സാന്നിധ്യവും കണക്കിലെടുത്ത് ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങൡലേക്കുള്ള യാത്ര ഒഴിവാക്കണമെന്നായിരുന്നു കനേഡിയന്‍ ഗവണ്‍മെന്റ് ട്രാവല്‍ അഡൈ്വസറി പറഞ്ഞിരുന്നത്.