മലയാളത്തിനപ്പുറത്തേക്ക് വളർന്ന താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിലേക്ക് ഒതുങ്ങാതെ തന്റേതായ ശൈലിയിലൂടെ ആരാധകരെ സ്വന്തമാക്കാൻ ദുൽഖറിന് ആയിട്ടുണ്ട്. ദുൽഖറിന്റെ 37-ാം പിറന്നാളാണ് ഇന്ന്. പ്രിയപ്പെട്ട കുഞ്ഞിക്കയ്ക്ക് ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
മകന്റെ പിറന്നാൾ ദിനത്തിൽ പ്രകൃതി സംരക്ഷണ ദിനം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. പിറന്നാൾ ദിനത്തിൽ ദുൽഖർ സോഷ്യൽ മീഡിയയിൽ തരംഗ സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ ഇന്നത്തെ ദിവസം മമ്മൂക്കയങ്ങ് എടുത്തു. പച്ചപ്പ് നിറഞ്ഞ മതിലിന്റെ അരികിലായി നിൽക്കുന്ന രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചത്. ഡെസേർട്ട് ഗ്രീൻ കളർ ഷർട്ടും നീല പാന്റും ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ‘ലെ ഡിക്യൂ : വാപ്പച്ചി എനിക്ക് ഇന്ന് 40 ആയി ?? മമ്മൂക്ക : അതിന്’, ‘എന്റെ മോന്റെ പിറന്നാൾ വിളിക്കാൻ വന്നതാ’, ‘മോന്റെ പിറന്നാളിന് അച്ഛന്റെ വക സ്റ്റൈലിഷ് ഫോട്ടോ’, ‘മോന്റെ ബർത്തഡേക്കെങ്കിലും ഒന്ന് വഴിമാറി കൊടുത്തൂടെ മനുഷ്യാ’, ‘മകന്റെ പിറന്നാളിന് വാപ്പച്ചി സ്‌കോർ ചെയ്തു’, ‘ഇന്ന് 40 വയസ്സ് തികഞ്ഞ മകന്റെ വാപ്പ ആണെന്ന് കണ്ട പറയുവോ’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.