യു കെയിലെ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് 2000 ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു. യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യു കെയിലെ ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതായി എന്‍ എച്ച് എസ് പ്രഖ്യാപിച്ചു.
മാത്രമല്ല, ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് കോഴിക്കോട്ടും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും കേന്ദ്രങ്ങള്‍ തുറക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ പരിശീലനം നല്‍കും. ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രൊഫഷണല്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക് അസസ്മെന്റ് ബോര്‍ഡ് നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ ഇളവ് നല്‍കുകയും ബ്രിട്ടനിലെ ആശുപത്രികളില്‍ നിയമിക്കുകയും ചെയ്യും.
ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് മികച്ച അവസരമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അതേസമയം അപേക്ഷിക്കുന്നതിന് മുന്‍പ് യുകെയിലെ മെഡിക്കല്‍ പ്രാക്ടീസ് നിയന്ത്രിക്കുന്ന മുന്‍വ്യവസ്ഥകളെയും നിയന്ത്രണങ്ങളെയും കുറിച്ച് ഡോക്ടര്‍മാര്‍ക്ക് സമഗ്രമായ ധാരണ നേടേണ്ടത് അത്യന്താപേക്ഷിതമാണ്.
പ്രാഥമിക മെഡിക്കല്‍ യോഗ്യത: യുകെയിലെ മെഡിക്കല്‍ പ്രാക്ടീസ് മേല്‍നോട്ടം വഹിക്കുന്ന റെഗുലേറ്ററി ബോഡിയായ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ (ജി എം സി) അംഗീകരിച്ച പ്രാഥമിക മെഡിക്കല്‍ യോഗ്യത നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ജി എം സി വെബ്സൈറ്റ് വഴി നിങ്ങളുടെ യോഗ്യത നില പരിശോധിക്കാം.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം: ഇംഗ്ലീഷില്‍ പ്രാവീണ്യം നിര്‍ബന്ധമാണ്. സാധാരണയായി ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം അല്ലെങ്കില്‍ ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസാകേണ്ടതുണ്ട്.
ജി എം സി രജിസ്‌ട്രേഷന്‍: യു കെയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിന് ജി എം സിയില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതില്‍ നിങ്ങളുടെ യോഗ്യതകള്‍ സമര്‍പ്പിക്കുകയും ആവശ്യമായ മൂല്യനിര്‍ണ്ണയങ്ങളില്‍ വിജയിക്കുകയും നല്ല മെഡിക്കല്‍ പ്രാക്ടീസ് പാലിക്കുന്നുണ്ടെന്ന് തെളിയിക്കുകയും വേണം.