മുംബൈ: മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി സൃഷ്ടിച്ചുള്ള രാഷ്ട്രീയ നാടകം തുടരുന്നു. തന്നെയും 15 എംഎൽഎമാരെയും അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ ഏക്നാഥ് ഷിന്ദേ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ഇതിന് മുന്നോടിയായി ഗുവാഹത്തിയിലുള്ള വിമത എംഎൽഎമാരുടെ യോഗവും ഏക്നാഥ് ഷിന്ദേ വിളിച്ചിട്ടുണ്ട്.
നിയമനടപടികൾ പൂർത്തിയായലുടൻ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന സന്ദേശമാണ് വിമത എംഎൽഎമാർക്ക് ഷിന്ദേ നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, അമിത് ഷാ എന്നിവരുമായി ഗുജറാത്തിലെത്തി ഷിന്ദേ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
ശിവസേനാ നിയമസഭാകക്ഷി നേതാവായി അജയ് ചൗധരിയെ നിയമിച്ചതിനെയും ഡെപ്യൂട്ടി സ്പീക്കർക്കെതിരേയുള്ള അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെയും ചോദ്യംചെയ്താണ് ഏക്നാഥ് ഷിന്ദേ പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്.