മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ചിത്രീകരണം തുടങ്ങി. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവ് ഏക്ത കപൂർ സഹനിർമ്മാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്. 200 കോടിയാണ് ബജറ്റ്. ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചതായ വിവരം ലൊക്കേഷൻ സ്റ്റില്ലുകൾ സഹിതം മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
പ്രധാനമായും തെലുങ്കിലും മലയാളത്തിലുമായി നിർമ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. തലമുറകളിലൂടെ സഞ്ചരിക്കുന്ന, വൈകാരികതയിലും ഒപ്പം വിഎഫ്എക്‌സിലും മുന്നിൽ നിൽക്കുന്ന ഒരു എപിക് ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും വൃഷഭ. 2024 ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നെന്ന് കരുതപ്പെടുന്ന വൃഷഭ സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്.
റോഷൻ മെക, ഷനയ കപൂർ, സഹ്‌റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലിൽ അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ഏക്ത കപൂർ, ശോഭ കപൂർ, വരുൺ മാതൂർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.