പ്രഗതി മൈതാന സമുച്ചയം ജൂലൈ 26ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

0
73

ഡൽഹിയിലെ ഐടിപിഒ സമുച്ചയം ജൂലൈ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബറിൽ നടക്കുന്ന ജി20 നേതാക്കളുടെ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിനാണ് സമുച്ചയം വികസിപ്പിച്ചെടുത്തത്. പ്രഗതി മൈതാന സമുച്ചയം എന്നും അറിയപ്പെടുന്ന ഈ വേദിക്ക് ഏകദേശം 123 ഏക്കർ വിസ്തൃതിയുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ എംഐസിഇകൾക്കുള്ള (മീറ്റിങ്‌സ്, ഇൻസെന്റീവ്‌സ്, കോൺഫറൻസുകൾ, എക്സിബിഷനുകൾ) വേദിയാണ്.

ഇവന്റുകൾക്കുള്ള ലോകത്തെ മികച്ച സെന്ററുകളായ ജർമ്മനിയിലെ ഹാനോവർ എക്സിബിഷൻ സെന്റർ, ഷാങ്ഹായിലെ നാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ എന്നിവയ്‌ക്കൊപ്പം നിൽക്കുന്നതാണ് ഐഇസിസി. ആധുനികവുമായ ഈ കോംപ്ലക്സ് ലോകത്തിലെ മികച്ച 10 എക്സിബിഷൻ, കൺവെൻഷൻ കോംപ്ലക്സുകളിൽ ഇടം നേടിയിട്ടുണ്ട്.

ലോകോത്തര പരിപാടികൾക്ക് ഇന്ത്യയ്ക്കും ആതിഥേയത്വം വഹിക്കാമെന്നതിന്റെ തെളിവാണ് ഐഇസിസിയുടെ വികസനം. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൺവെൻഷൻ സെന്ററിലെ ലെവൽ-3-ൽ, 7,000 പേർക്ക് ഇരിക്കാനുള്ള മികച്ച ഇരിപ്പിടം നിലവിലുണ്ട്. ഇത് ഓസ്‌ട്രേലിയയിലെ ഐതിഹാസികമായ സിഡ്‌നി ഓപ്പറ ഹൗസിലെ ശേഷിയേക്കാൾ വലുതാണ്. ഓപ്പറ ഹൗസിൽ ഏകദേശം 5,500 പേർക്ക് ഇരിക്കാനുള്ള ഇടമേയുള്ളു.

ആഗോളതലത്തിൽ നടക്കുന്ന മെഗാ കോൺഫറൻസുകൾ, അന്താരാഷ്ട്ര ഉച്ചകോടികൾ, സാംസ്കാരിക ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ വേദിയായി ഐഇസിസിമാറുമെന്ന് അധികൃതർ പറയുന്നു. എക്‌സിബിഷനും മറ്റുമായി ഏഴ് നൂതന ഹാളുകളുമുണ്ട്. ഇതുകൂടാതെ 3,000 വ്യക്തികൾക്ക് ഇരിക്കാവുന്ന ഗംഭീരമായ ആംഫി തിയേറ്ററും ഐഇസിസിയിലുണ്ട്. മൂന്ന് പിവിആർ തിയേറ്ററുകൾക്ക് തുല്യമാണ് ഈ ഗ്രാൻഡ് ആംഫി തിയേറ്റർ. ഇത് ആകർഷകമായ പ്രകടനങ്ങൾക്കും സാംസ്കാരിക പ്രദർശനങ്ങൾക്കും വിനോദ പരിപാടികൾക്കും വേദിയൊരുക്കുന്നു.

സന്ദർശകരുടെ സൗകര്യത്തിനാണ് ഐഇസിസി മുൻഗണന നൽകുന്നത്. 5,500-ലധികം വാഹനങ്ങൾ  പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. സിഗ്നൽ രഹിത റോഡുകളിലൂടെയുള്ള പ്രവേശനം സന്ദർശകർക്ക് തടസ്സമില്ലാതെ വേദിയിലെത്താൻ സഹായിക്കുമെന്നും അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here