ഇ എസ് ബിജിമോള്‍ കമ്മ്യൂണിസ്റ്റുകാരിയേ അല്ലെന്ന് സേനാപതി വേണു

0
96

ഇ എസ് ബിജിമോള്‍ ഒരു കമ്മ്യൂണിസ്റ്റുകാരിയേ അല്ല എന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. സേനാപതി വേണുവിന്റെ വിമര്‍ശനത്തിന് മറുപടി പറഞ്ഞ് ഇ എസ് ബിജിമോള്‍. അച്ഛനും അമ്മയും നടന്ന വഴിയിലൂടെ നടന്ന് സിപിഐയിലെത്തിയ ആളല്ല താനെന്നും തന്റെ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ സിപിഐയിലെത്തിപ്പെട്ടതെന്നും ഇ എസ് ബിജിമോള്‍ പറഞ്ഞു. ട്വന്റിഫോറിന്റെ ജനകീയ കോടതി എന്ന പരിപാടിയിലായിരുന്നു വാദപ്രതിവാദങ്ങള്‍.

പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കൊടുക്കാത്തത് കൊണ്ടാണ് ബിജിമോള്‍ സിപിഐയില്‍ എത്തിയതെന്നായിരുന്നു അഡ്വ സേനാപതിയുടെ പരാമര്‍ശം. സിപിഐ കൊടിപിടിച്ചത് കൊണ്ട് ബിജിമോള്‍ കമ്മ്യൂണിസ്റ്റാകില്ലെന്നും സിപിഐ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൊന്നും ബിജിമോള്‍ക്ക് പ്രവര്‍ത്തിച്ച് പരിചയമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍.

എന്നാല്‍ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല സ്വന്തം ബോധ്യങ്ങള്‍ക്ക് അനുസരിച്ചാണ് താന്‍ സിപിഐയില്‍ എത്തിയതെന്ന് ബിജിമോള്‍ പറഞ്ഞു. പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ആ ചട്ടക്കൂടിനുള്ളില്‍ നിന്ന് തന്നെയാണ് താന്‍ അഭിപ്രായങ്ങള്‍ പറയാറെന്നും ഇ എസ് ബിജിമോള്‍ പറഞ്ഞു.

ഒരു സ്ത്രീയെന്ന നിലയില്‍ പാര്‍ട്ടി തനിക്ക് വലിയ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ഇ എസ് ബിജിമോള്‍ പറയുന്നു. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട സംഭവം ഉള്‍പ്പെടെ ഓര്‍മിച്ചുകൊണ്ടാണ് ബിജിമോള്‍ പാര്‍ട്ടി തനിക്ക് നല്‍കിയ അംഗീകാരത്തെക്കുറിച്ച് പറഞ്ഞത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പരിഗണിച്ചു എന്നത് തന്നെ ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് ബിജിമോള്‍ പറഞ്ഞു. മത്സരത്തിന് പിന്നാലെ തനിക്ക് പാര്‍ട്ടിയ്ക്ക് അകത്തും പുറത്തും നിന്ന് വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു. അത്തരം ആക്രമണങ്ങള്‍ക്കെതിരെയായിരുന്നു അന്ന് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവുമായി ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് ഇ എസ് ബിജിമോള്‍ പറഞ്ഞു. ട്വന്റിഫോറിന്റെ ജനകീയ കോടതി എന്ന പരിപാടിയിലായിരുന്നു ഇ എസ് ബിജിമോളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here