പാരീസിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിദേശത്ത് ‘ഭാരത് മാതാ കീ ജയ്’ കേള്‍ക്കമ്പോള്‍ സ്വന്തം വീട്ടിലെത്തിയതായി തോന്നുന്നുവെന്നും മോദി പറഞ്ഞു. രാവിലെ പാരീസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രിയെത്തിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനായി മോദി ഫ്രഞ്ച് തലസ്ഥാനമായ ലാ സീന്‍ മ്യൂസിക്കലില്‍ എത്തി.
പൊതുസമ്മേളനത്തില്‍ സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അഭേദ്യമായ സൗഹൃദത്തെക്കുറിച്ച് എടുത്തുപറഞ്ഞു. ‘ഞാന്‍ നിരവധി തവണ ഫ്രാന്‍സ് സന്ദര്‍ശിച്ചിട്ടുണ്ട്, എന്നാല്‍ ഇത്തവണത്തെ എന്റെ സന്ദര്‍ശനം പ്രത്യേകതയുളളതാണ്. നാളെ ഫ്രാന്‍സിന്റെ ദേശീയ ദിനമാണ്, ഫ്രാന്‍സിലെ ജനങ്ങളെ ഞാന്‍ ആശംസിക്കുന്നു. എന്നെ ക്ഷണിച്ചതിന് ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഇന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എന്നെ സ്വീകരിച്ചു. നാളെ എന്റെ സുഹൃത്ത് ഇമ്മാനുവല്‍ മാക്രോണിനൊപ്പം ദേശീയ ദിന പരേഡില്‍ പങ്കെടുക്കും. ഇത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അഭേദ്യമായ സൗഹൃദത്തിന്റെ പ്രതിഫലനമാണ്’ മോദി പറഞ്ഞു.
ഇന്ത്യയുടെ വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ന് ലോകം ഒരു പുതിയ ക്രമത്തിലേക്ക് നീങ്ങുകയാണ്. അതില്‍ ഇന്ത്യയുടെ പങ്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ജി20യുടെ അധ്യക്ഷനാണ് ഇന്ത്യ, മുഴുവന്‍ ജി20 ഗ്രൂപ്പും ഇന്ത്യയുടെ സാധ്യതകള്‍ കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.