ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രം പങ്കുവച്ച് നടി വീണ നായർ. മൂന്നുവർഷത്തിനു ശേഷം വീണ്ടും തന്നെ ‘ഫൈബ്രോമയാൾജിയ’ ബാധിച്ചു എന്ന് പറഞ്ഞുകൊണ്ട് വീണയാണ് തന്റെ രോഗ വിവരം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. ‘‘മൂന്ന് വർഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാൾജിയ സ്ഥിരീകരിച്ചു’’ എന്നായിരുന്നു ആശുപത്രിയിലെ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്.
വളരെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. കേരളത്തില്‍ 3- 4% ആളുകളില്‍ ഈ രോഗം കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം.
സഹപ്രവർത്തകര്‍ ഉൾപ്പടെ നിരവധിപ്പേരാണ് വീണ നായരെ ആശ്വസിപ്പിച്ച് പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. പലരും വേഗം അസുഖം ഭേദമാകട്ടെ എന്നും ചിരിക്കുന്ന വീണയെ വീണ്ടും കാണാനാകട്ടെ എന്നും അഭിപ്രായപ്പെടുന്നു. മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നായർ. ബിഗ് ബോസ് മലയാളം സീസൺ 2 ലും വീണ മത്സരിച്ചിരുന്നു.