മുസ്ലീം സ്ത്രീകൾ ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വേ ഫലം

0
78

ഏക സിവില്‍ കോഡിന്റെ പ്രധാന ആശയങ്ങളെ ഭൂരിപക്ഷം മുസ്ലീം സ്ത്രീകളും പിന്തുണയ്ക്കുന്നതായി ന്യൂസ് 18 നെറ്റ്വര്‍ക്ക് രാജ്യത്ത് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. കൂടുതല്‍ വിദ്യാഭ്യാസമുള്ള സ്ത്രീകളാണ് പിന്തുണയ്ക്കുന്നവരില്‍ അധികവും. രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 8035 മുസ്ലീം സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ന്യൂസ് 18-ന്റെ 884 റിപ്പോര്‍ട്ടര്‍മാരുടെ നേതൃത്വത്തിലാണ് ഇവരെ ഇന്റര്‍വ്യൂ ചെയ്തത്. 18 മുതല്‍ 65 വയസ്സിന് മുകളില്‍ വരെ പ്രായമുള്ള സ്ത്രീകള്‍ സര്‍വേയില്‍ പങ്കെടുത്തു.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍, ജീവനാംശം എന്നിവയ്ക്ക് രാജ്യത്തെമ്പാടും എല്ലാ മതവിഭാഗങ്ങളിലും പെട്ടെവര്‍ക്ക് ഒരു നിയമം നടപ്പാക്കുന്നതാണ് ഏക സിവില്‍ കോഡ്. വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തവകാശം, ദത്തെടുക്കല്‍, ജീവനാംശം എന്നിവയ്ക്ക് എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരൊറ്റ നിയമം എന്നതാണ് ഏക സിവില്‍ കോഡ് എന്നതുകൊണ്ട് ഉദേശിക്കുന്നത്. ഏകസിവില്‍ കോഡിന്മേല്‍ കൂടിയാലോചന നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചതിനെതിരേ മുസ്ലീം സംഘടനകള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു.

ഏക സിവില്‍ കോഡിന്റെ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ മതസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ‘ഭൂരിപക്ഷ സദാചാരം’ ഇല്ലാതാക്കരുതെന്ന് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്(എഐഎംപിഎല്‍ബി) ആവശ്യപ്പെട്ടു. ഈ കാഴ്ചപ്പാട് വിശാലമായ അര്‍ത്ഥത്തില്‍, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടോയെന്നറിയുന്നതിനാണ് ന്യൂസ് 18 നെറ്റ് വര്‍ക്ക് സര്‍വേ നടത്തിയത്.

പ്രധാന കണ്ടെത്തലുകള്‍

1. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, സ്വത്തവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളില്‍ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരൊറ്റ നിയമം മതിയെന്ന് സര്‍വെയില്‍ പങ്കെടുത്ത 67.2 ശതമാനം മുസ്ലീം സ്ത്രീകളും പറയുന്നു. ബിരുദവും അതിന് മുകളില്‍ വിദ്യാഭ്യാസം നേടിയതുമായ 68.4 ശതമാനം സ്ത്രീകളും നിയമത്തെ അനുകൂലിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി.

2. ഒരാള്‍ ഒന്നിലധികം വിവാഹം കഴിക്കുന്നതിനെ (ബഹുഭാര്യാത്വം) 76.5 ശതമാനം മുസ്ലീം സ്ത്രീകളും എതിര്‍ക്കുന്നതായി കണ്ടെത്തി. നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് മുസ്ലീം പുരുഷന്മാര്‍ക്ക് അവകാശം പാടില്ലെന്നും അവര്‍ പറയുന്നു.

3. ലിംഗ വ്യത്യാസമില്ലാതെ സ്വത്തവകാശം നല്‍കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനാണ് സ്ത്രീകളില്‍ നിന്ന് സര്‍വെയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. 82.3 ശതമാനം പേര്‍ ലിംഗവ്യത്യാസമില്ലാതെ സ്വത്തവകാശം നല്‍കണമെന്ന് പറയുന്നു. ഇതില്‍ 85.7 ശതമാനം പേര്‍ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസം നേടിയവരാണ്.

4. വിവാഹമോചിതരെ രണ്ടാമതും തടസ്സങ്ങളില്ലാതെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് 73.7 ശതമാനം പേർ പ്രതികരിച്ചു.

5. മതം പരിഗണിക്കാതെ ദത്തെടുക്കാന്‍ അനുവദിക്കണമോയെന്ന ചോദ്യത്തിന് പ്രതികരണം നല്‍കിയ മുസ്ലീം സ്ത്രീകളുടെ എണ്ണം സര്‍വേയിലെ മറ്റ് ചോദ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവായിരുന്നു (64.9 ശതമാനം). ഇതില്‍ 69.5 ശതമാനം പേര്‍ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്.

6. പ്രായപൂര്‍ത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ സ്വത്ത് അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സര്‍വേയില്‍ പ്രതികരണമറിയിച്ച 69.3 ശതമാനം പേരും വിശ്വസിക്കുന്നു.

7. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നതിന് വലിയ പിന്തുണയാണ് സര്‍വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. 78.7 ശതമാനം മുസ്ലീം സ്ത്രീകളും വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. ഇതില്‍ 82.4. ശതമാനം പേരും ബിരുദമോ അതിന് മുകളിലോ വിദ്യാഭ്യാസം നേടിയവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here