അക്ഷയ് കുമാർ, പങ്കജ് തൃപാഠി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ചിത്രം ഓ മൈ ഗോഡ് -2 ടീസർ എത്തി. 2012ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണിത്. യാമി ഗൗതം ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അമിത് റായിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 11ന് ചിത്രം തീയേറ്ററുകളിൽ എത്തും.
ചിത്രത്തിൽ ഭഗവാൻ ശിവനായാണ് അക്ഷയ് കുമാറിനെ കാണാൻ സാധിക്കുന്നത്. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ഓ മൈ ഗോഡിന്റെ ഒന്നാം ഭാഗത്തിൽ അക്ഷയ് കുമാർ, പരേഷ് റാവൽ, മിഥുൻ ചക്രബർത്തി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
ആദ്യ ഭാഗത്തിൽ നിന്ന് പ്രമേയത്തിൽ കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ആദ്യചിത്രത്തിൽ മതമായിരുന്നു പ്രധാന വിഷയമെങ്കിൽ സീക്വലിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. പരേഷ് റാവൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തിൽ ഭഗവാൻ കൃഷ്ണനായാണ് അക്ഷയ് കുമാർ പ്രത്യക്ഷപ്പെട്ടതെങ്കിൽ രണ്ടാം ഭാഗത്തിൽ ഭഗവാൻ ശിവനാണ് അക്ഷയ് കുമാർ കഥാപാത്രം.