ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ‘പീസ് റൂം’ തുറന്ന് ഗവര്‍ണര്‍.

0
79

പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പീസ് റൂം (സമാധാന മുറി) തുറന്ന് ഗവര്‍ണര്‍ സി വി ആനന്ദബോസ്. കൊല്‍ക്കത്തയിലെ രാജ്ഭവനിലാണ് പീസ് റൂം സ്ഥാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉണ്ടാകുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ഈ റൂം തുറന്നിരിക്കുന്നത്. നിലവില്‍ 350 ലധികം പരാതികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അക്രമബാധിത പ്രദേശങ്ങളായ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭാന്‍ഗോറിലും കാനിംഗിലും ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ‘പശ്ചിമ ബംഗാളില്‍ അക്രമം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്, അല്ലാതെ കെട്ടുകഥയല്ല. നമ്മള്‍ അത് ഉള്‍ക്കൊള്ളുകയും നിയന്ത്രിക്കുകയും വേണം. അതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’ അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

എന്താണ് പീസ് റൂം?

കൊല്‍ക്കത്ത രാജ്ഭവനിലെ ഒന്നാം നിലയിലാണ് പീസ് റൂം ഒരുക്കിയിരിക്കുന്നത്.  പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുളള അക്രമ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ആളുകള്‍ക്ക് ഒരു ഹെല്‍പ്പ് ലൈന്‍ നമ്പറും ഇമെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. നിലവില്‍ 350 ല്‍ പരം പരാതികള്‍ ഇതിനകം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹെല്പ് ലൈന്‍ നമ്പറിലേക്കും ഒട്ടനവധി കോളുകള്‍ ലഭിച്ചിട്ടുണ്ടെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനെയും ഒ എസ് ഡി യെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. സന്ദീപ് രാജ്പുത് ആണ് കണ്‍ട്രോള്‍ റൂമിന്റെ തലവന്‍. പരാതികള്‍ സമാഹരിച്ച ശേഷം അദ്ദേഹം ഇത് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.

പീസ് റൂമില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ രജിസറ്റര്‍ ചെയ്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും അയച്ചുകൊടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ അദ്ദേഹം രണ്ടുതവണ പീസ് റൂം സന്ദര്‍ശിച്ചു. പരാതിപറയാന്‍ വിളിക്കുന്നവരോട് അനുഭാവപൂര്‍വം പെരുമാറണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പീസ് റൂമിനെ സാധാരണക്കാരനും സര്‍ക്കാരിനുമിടയിലുള്ള ഒരു പാലമായാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചതെന്ന്  പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഒരു കംഫര്‍ട്ട് സോണ്‍ നല്‍കുക എന്നതാണ് പോര്‍ട്ടലിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘ബംഗാളില്‍ പലയിടത്തും അക്രമം നടക്കുകയാണ്‌, സംസ്ഥാനത്ത് ഇത് ആദ്യമായല്ല ഇത്തരം സംഭവം നടക്കുന്നത്. ഓരോ ജീവനും വിലപ്പെട്ടതാണ് അതുകൊണ്ട് കളിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജനങ്ങള്‍ക്ക് സമാധാനം ആസ്വദിക്കാനുള്ള അവകാശമുണ്ട്, പശ്ചിമ ബംഗാളിലെ എല്ലാ സാധാരണക്കാര്‍ക്കും ആ അവകാശം ലഭിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ അദ്ദേഹം പറഞ്ഞു.

ശാരീരികമായ ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജീവനു ഭീഷണി തുടങ്ങിയ വിവിധ പരാതികള്‍ പോര്‍ട്ടലിന് ലഭിക്കുന്നുണ്ട്. പരാതികളുടെ ഗൗരവവും മുന്‍ഗണനയും അടിസ്ഥാനമാക്കി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ പരാതിക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകും. ലഭിച്ച പരാതികള്‍ ആരോപണങ്ങളല്ല, വസ്തുതകളാണെന്നും അവയില്‍ ഭൂരിഭാഗവും ആക്രമണങ്ങളില്‍ രക്ഷപ്പെട്ടവര്‍ നല്‍കിയതാണ്’ അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here