ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം നയതന്ത്രബന്ധം പുനസ്ഥാപിച്ച് യുഎഇയും ഖത്തറും.

0
70

നയതന്ത്രബന്ധം പുനസ്ഥാപിച്ച് യുഎഇയും ഖത്തറും. ഇരു രാജ്യങ്ങളിലും നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണ്ണ തോതില്‍ പുനസ്ഥാപിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട് നിന്ന ഉപരോധം നീക്കി അല്‍ഉല കരാറിന്റെ അടിസ്ഥാനത്തില്‍ സൗഹൃദബന്ധം പുനസ്ഥാപിച്ചതിന്റെ തുടര്‍ച്ചയായാണ് നടപടി.ദോഹയിലേയും അബുദാബിയിലേയും നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നതിനൊപ്പം ദുബായിലെ ഖത്തര്‍ കോണ്‍സുലേറ്റും പ്രവര്‍ത്തനം പുനരാരംഭിച്ചു.ഇരു രാജ്യങ്ങളുടെയും നേതൃത്വം പുലര്‍ത്തുന്ന ഇച്ഛാശക്തിയുടെ തെളിവാണിതെന്ന് ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നതിന് പിന്നാലെ യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല് ബിന്‍ സായിദ് ആല്‍നഹ്യാനും, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആലുഥാനിയും ടെലഫോണില്‍ പരസ്പരം ആശംസകള്‍ അറിയിച്ചു. 2017ലാണ് സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.പിന്നീട് 2021 ഇല്‍ അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തില്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here