കാരാട്ട് വീണ്ടും ആ ക്ലാസ് മുറിയിലെത്തി; ഏഴ് പതിറ്റാണ്ടിനുശേഷം.

0
92

പാലക്കാട്: ഏഴ് പതിറ്റാണ്ടിനുശേഷം ആ വിദ്യാര്‍ഥി വീണ്ടും ആ ഒന്നാം ക്ലാസ് മുറിയിലെത്തി. മറവിയിലാണ്ട സ്കൂള്‍ കാലം ഓര്‍ത്തെടുക്കാൻ ശ്രമിച്ച്‌ അല്‍പനേരം ആ ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്നു.

സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആയിരുന്നു ആ വിദ്യാര്‍ഥി. അപ്രതീക്ഷിതമായായിരുന്നു പാലക്കാട്ടെത്തിയ പ്രകാശ് കാരാട്ട് താൻ ഒന്നാം ക്ലാസ് പഠിച്ച വടക്കന്തറയിലെ ഡോ. നായര്‍ ഗവ. യു.പി സ്കൂളില്‍ പോകാൻ തീരുമാനമെടുത്തത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസും ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ സ്കൂളില്‍ എത്തിയ കാരാട്ട് കുട്ടികളുമായും അധ്യാപകരുമായും കുശലം പറഞ്ഞു. ശേഷം ആ പഴയ ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് വടക്കന്തറയിലെ ഓര്‍മകള്‍ പങ്കുെവച്ചു.

ഒരു വയസ്സിലാണ് അച്ഛനും അമ്മ രാധ നായര്‍ക്കും ഒപ്പം കാരാട്ട് പാലക്കാട് എത്തിയത്. 1953ലാണ് ഇവിടെ ഒന്നാം ക്ലാസില്‍ കാരാട്ട് പഠിച്ചത്. വടക്കന്തറ തറവനാട്ട് ലെയ്നില്‍ 1948 മുതല്‍ 1953 വരെ താമസക്കാരായിരുന്നു കാരാട്ടും കുടുംബവും. തറവനാട്ട് ലെയ്നിലെ ആ പഴയ വീട് ഇപ്പോഴില്ല, എങ്കിലും സ്കൂളിലെത്തിയപ്പോള്‍ അന്നത്തെ വഴികളും അധ്യാപകരെയും കാരാട്ട് ഓര്‍ത്തെടുത്തു. ഒന്നാം ക്ലാസില്‍ ചേര്‍ത്ത് എട്ട് മാസത്തിന് ശേഷം അച്ഛൻ എലപ്പുള്ളി കാരാട്ട് ചുണ്ടുള്ളി പത്മനാഭൻ നായര്‍ക്ക് ബര്‍മയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ഇതോടെ ഒന്നാം ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കാതെ ബര്‍മയിലേക്ക് പോയി. പിന്നീടുള്ള പഠനം അവിടെയായിരുന്നു. അച്ഛൻ ബ്രിട്ടീഷ് റെയില്‍വേയിലെ ജീവനക്കാരനായിരുന്നു.

സ്കൂളിലെത്തിയ പൂര്‍വവിദ്യാര്‍ഥിക്ക് അധ്യാപകര്‍ ഹൃദ്യമായ വരവേല്‍പാണ് നല്‍കിയത്. പ്രിൻസിപ്പല്‍ ഇൻ ചാര്‍ജ് എസ്. രമ്യ, മുൻ പ്രധാനാധ്യാപിക വി.പി. ശ്രീലത, കൗണ്‍സിലര്‍ കെ. ജയലക്ഷ്മി, പി.ടി.എ പ്രസിഡന്റ് രേവതി രാജേഷ്, സി.പി.എം ലോക്കല്‍ സെക്രട്ടറി എം. വിപിൻദാസ് എന്നിവര്‍ കാരാട്ടിനെ സ്വീകരിക്കാൻ സ്കൂളിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here