ഭുവനേശ്വര്‍: 62ാമത് നാഷനല്‍ ഇന്റര്‍ സ്റ്റേറ്റ് അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ് വ്യാഴാഴ്ച മുതല്‍ ജൂണ്‍ 19 വരെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കും.
ഒളിമ്ബിക് ജാവലിൻത്രോ ചാമ്ബ്യൻ നീരജ് ചോപ്രയടക്കം ചില പ്രമുഖര്‍ പരിക്കു കാരണം വിട്ടുനില്‍ക്കുന്ന മീറ്റില്‍ ഇയ്യിടെ പാരിസ് ഡയമണ്ട് ലീഗ് ലോങ് ജംപില്‍ വെങ്കലം നേടിയ കേരള താരം എം. ശ്രീശങ്കറാണ് മുഖ്യ ആകര്‍ഷണം. സെപ്റ്റംബര്‍ 23ന് ചൈനയില്‍ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനുള്ള അവസാന അവസരംകൂടിയാണിത്. 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസ് ദേശീയ റെക്കോഡുകാരൻ അവിനാശ് സാബ് ലേ, സ്പ്രിന്റര്‍മാരായ ഹിമദാസ്, ദ്യുതിചന്ദ് തുടങ്ങിയവര്‍ മത്സരിക്കുന്നില്ല. പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്നതിനാല്‍ ഹിമക്ക് ഏഷ്യൻ ഗെയിംസ് നഷ്ടമാവും.
അന്താരാഷ്ട്ര ഹൈജംപറായ തേജശ്വിൻ ശങ്കര്‍ ഡെക്കാത്‍ലണിലാണ് ഇറങ്ങുന്നത്. ട്രിപ്ള്‍ ജംപില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണജേതാവ് മലയാളി എല്‍ദോസ് പോള്‍, പ്രവീണ്‍ ചിത്രവേല്‍, ഷോട്ട്പുട്ടില്‍ തജീന്ദര്‍ പാല്‍ സിങ്, ജാവലിൻത്രോയില്‍ അന്നു റാണി, ലോങ്ജംപില്‍ ഷൈലി സിങ്, 100 മീറ്ററിലും ഹര്‍ഡ്ല്‍സിലും ജ്യോതി യാരാജി തുടങ്ങിയവര്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്യും. കേരളം 54 അംഗ സംഘത്തെയാണ് അണിനിരത്തുന്നത്.
ശ്രീശങ്കറിനും എല്‍ദോസിനും പുറമെ 1500 മീറ്ററിലെ ജിൻസണ്‍ ജോണ്‍സണ്‍, ട്രിപ്ള്‍ ജംപിലെ അബ്ദുല്ല അബൂബക്കര്‍, 400 മീറ്ററിലെ വൈ. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലെ എം.പി. ജാബിര്‍, ലോങ്ജംപിലെ വൈ. മുഹമ്മദ് അനീസ് തുടങ്ങിയവര്‍ മെഡല്‍പ്രതീക്ഷ നല്‍കുന്ന പുരുഷതാരങ്ങളാണ്. വനിതകളില്‍ വിവിധ ഇനങ്ങളിലായി പി.യു. ചിത്ര, ജിസ്ന മാത്യു, നയന ജെയിംസ്, ആൻസി സോജൻ, ആര്‍. അനു, അപര്‍ണ റോയി ഉള്‍പ്പെടെയുള്ളവരും.