യേശുവിനെ കാണാനും സ്വർ​ഗത്തിൽ പോവാനും കാട്ടിൽ പട്ടിണി കിടന്നു, കെനിയയിൽ നാലുപേർ മരിച്ചു.

0
67

വിശ്വാസത്തിന്റെ പേരും പറഞ്ഞ് ആളുകളെ പറ്റിക്കുന്ന അനേകം പേർ ഇന്ന് ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ഉണ്ട്. അതുപോലെ കെനിയയിൽ യേശുവിനെ കാണാൻ എന്നും പറഞ്ഞ് കാട്ടിൽ പോയി പട്ടിണി കിടന്നതിനെ തുടർന്ന് നാലു പേർ മരിച്ചു. ​ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ നാല് വിശ്വാസികളാണ് മരിച്ചത്. മ​ഗരിനിയിലെ ഷാകഹോല ​ഗ്രാമത്തിലായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്.

ഒരു പാസ്റ്ററാണ് യേശുവിനെ കാണണമെങ്കിൽ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ കൂടാതെ കഴിയണം എന്ന് ഇവരെ ഉപദേശിച്ചത്. ഇതേ തുടർന്ന് സംഘം കാട്ടിൽ ഭക്ഷണമോ വെള്ളമോ കഴിക്കാതെ കഴിയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വനത്തിനുള്ളിൽ ഇങ്ങനെ ഒരു പ്രാർത്ഥന നടക്കുന്നുണ്ട് എന്നറിഞ്ഞായിരുന്നു പൊലീസ് അവിടെ എത്തിച്ചേർന്നത്. ആകെ 15 പേരാണ് ആ സമയത്ത് വനത്തിൽ പ്രാർത്ഥനയും ഉപവാസവുമായി ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും അതിൽ 11 പേരെ മാത്രമേ ജീവനോടെ രക്ഷിക്കാൻ സാധിച്ചുള്ളൂ.

പൊലീസ് പറയുന്നത് അനുസരിച്ച് ​ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ നേതാവ് പോൾ മാക്കാൻസി ന്തേം​ഗേ എന്ന മകെൻസി നെൻ​ഗെ സംഘത്തെ ബ്രെയിൻവാഷ് ചെയ്യുകയായിരുന്നു. കൂടുതൽ വേ​ഗത്തിൽ സ്വർ​ഗത്തിൽ പ്രവേശിക്കുന്നതിനും യേശുവിനെ കാണുന്നതിനും വേണ്ടി പട്ടിണി കിടക്കാൻ ഇയാൾ അനുയായികളെ ഉപദേശിക്കുകയായിരുന്നത്രെ. പിന്നാലെയാണ് ഉപദേശം പിന്തുടർന്ന് ആളുകൾ പട്ടിണി കി‌ടന്നതും നാല് പേർ മരിച്ചതും.

സ്ഥലത്ത് കൂട്ടക്കുഴിമാടങ്ങൾ ഉണ്ടോ എന്നും ഇത്തരം കൾട്ടിന്റെ ഭാ​ഗമായവരുടെ മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ടോ എന്നും അധികൃതർ സംശയിക്കുന്നുണ്ട്. നേരത്തെ തന്നെ രണ്ട് കുട്ടികളുടെ മരണത്തിന് ഉത്തരവാദിയായ പാസ്റ്റർ ഇപ്പോൾ ജാമ്യത്തിലാണ്. അന്ന് ആ കുട്ടികളുടെ മാതാപിതാക്കളോട് ഇയാൾ പറഞ്ഞത് മരണം ഈ കുട്ടികളെ ഹീറോ ആക്കും എന്നായിരുന്നുവത്രെ.

LEAVE A REPLY

Please enter your comment!
Please enter your name here