ഗുരുവായൂർ: ഗുരുവായൂർ ഏകാദശി രണ്ടു ദിവസം ആചരിക്കുമ്പോൾ ചടങ്ങുകളിൽ ഉണ്ടാകുന്നത് ഏറെ അപൂർവതകൾ. ഏകാദശി അനുഷ്ഠിക്കുന്നവർക്കുള്ള പ്രസാദ ഊട്ട് മൂന്നിനും നാലിനും നടക്കുമെന്നതാണ് ഒരു പ്രത്യേകത.
ദേവസ്വം നേരത്തേ നിശ്ചയിച്ച മുപ്പതിനായിരം പേർക്കുള്ള ഏകാദശിയൂട്ട് രണ്ടു ദിവസമാകുമ്പോൾ ഇരട്ടിയാകും.
ദശമി ദിവസമായ ഡിസംബർ രണ്ടിന് പുലർച്ചെ മൂന്നിന് ക്ഷേത്രനട തുറന്നാൽ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ പതിനൊന്നു വരെ പൂജകൾക്കല്ലാതെ ശ്രീലകം അടയ്ക്കില്ല. അഷ്ടമി ദിവസമായ ബുധനാഴ്ച മുതൽ വിശിഷ്ഠ സ്വർണക്കോലം വിളക്കിന് എഴുന്നള്ളിക്കാൻ തുടങ്ങും. നവമി, ദശമി, ഏകാദശി രണ്ടു ദിവസവും വിളക്കിന് സ്വർണക്കോലപ്രഭയിലാകും എഴുന്നള്ളത്ത്.
സ്വർണക്കോലം എഴുന്നള്ളത്ത് നാലു ദിവസത്തിനു പകരം ഇത്തവണ അഞ്ചു ദിവസമുണ്ടാകും. തുടർച്ചയായ എൺപതു മണിക്കൂർ ദർശനത്തിനാണ് ക്ഷേത്രം വേദിയാകുക.