പാറപോലെ ഉറച്ച മെക്സിക്കൻ പ്രതിരോധ മതിൽ തകർക്കാൻ 63 മിനിറ്റുകളാണ് അർജന്റീനിയൻ സംഘത്തിന് കാത്തിരിക്കേണ്ടിവന്നത്. 64-ാം മിനിറ്റിൽ ലോകമെമ്പാടുമുള്ള ആരാധകരുടെ മനംനിറച്ച് സാക്ഷാൽ ലയണൽ മെസ്സിയുടെ ഇടംകാൽ ഒരിക്കൽ കൂടി പതിവ് മാജിക് പുറത്തെടുത്തു. ബോക്സിന്റെ വലതുഭാഗത്ത് നിന്ന് ഡി മരിയ നൽകിയ പന്തിൽ നിന്ന് അവസരം മുതലെടുത്ത മെസ്സിയുടെ ഇടംകാലനടി മെക്സിക്കോയുടെ സൂപ്പർ ഗോളി ഗില്ലെർമോ ഒച്ചാവോയ്ക്ക് യാതൊരു അവസരവും നൽകാതെ വലയിൽ. ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോളായിരുന്നു ഇത്. 21 ലോകകപ്പ് മത്സരങ്ങളോടെ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്താനും മെസ്സിക്കായി.
തപ്പിതടഞ്ഞും ആശങ്ക ഉണർത്തിയും തുടങ്ങിയ മത്സരത്തിന്റെ 64-ാം മിനിറ്റിൽ മെസ്സി നേടിയ ട്രേഡ് മാർക്ക് ഗോളിൽ ആയിരുന്നു തുടക്കം. ഈ ലോകകപ്പിലെ മെസ്സിയുടെ രണ്ടാം ഗോൾ. 87-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് തീതുപ്പുന്നൊരു അംഗുലർ ഷോട്ടിലൂടെ വിജയം അരക്കിട്ടുറപ്പിച്ച് വല കുലുക്കി. സൗദി, അർജന്റീനയ്ക്ക് എതിരെ നേടിയ രണ്ടാം ഗോളിന്റെ കാർബൺ പതിപ്പ് പോലെ ആയിരുന്നു ബോക്സിന്റെ ഇടതു മൂലയിൽ നിന്നുള്ള എൻസോയുടെ അളന്നു മുറിച്ച വോളി. ഗോളി ഒച്ചോവയുടെ പറക്കും കൈകൾക്ക് എത്തിപ്പിടിക്കാൻ ആവുന്നതിലും അപ്പുറത്ത്. പറന്നു ചെന്ന് വലയിൽ. പുറത്താകാത്തിരിക്കാൻ ജയം അനിവാര്യം ആയിരുന്ന അർജന്റീനയ്ക്ക് ഇപ്പൊൾ പോളണ്ടിന് പിറകിൽ സൗദിക്കൊപ്പം മൂന്ന് പോയന്റായി.