നയ പ്രഖ്യാപനം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ;

0
69

സർക്കാർ-ഗവർണർ ഭിന്നത രൂക്ഷമാവുന്നതിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസം​ഗം കേവലം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്‌ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്.

മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും നോക്കാൻ ഗവർണർ തയ്യാറായില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗത്തിലെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഇത് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്‌പീക്കറും ചേർന്ന് യാത്രയാക്കുകയായിരുന്നു.

സർക്കാരുമായി ഭിന്നത തുടരുന്ന നിലപാട് സ്വീകരിച്ച ​ഗവർണർ പക്ഷേ ഇക്കുറി മാധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. അതേസമയം, മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണ്ണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സർക്കാർ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ് അവതരിപ്പിക്കുക. നയപ്രഖ്യാപന പ്രസം​ഗം അധികം നീണ്ടില്ലെങ്കിലും കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പരാമർശങ്ങളായിരുന്നു അധികവും. സർക്കാരിന്റെ അതിശയകരമായ നേട്ടങ്ങൾക്ക് വെല്ലുവിളിയായത് കേന്ദ്രസർക്കാരാണെന്ന് വിമർശിച്ച​ ​ഗവർണർ, ഫെഡറൽ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു. കടമെടുപ്പ് നിയന്ത്രണം വലിയ പ്രതിസന്ധിക്ക് കാരണമായി. സുപ്രീം കോടതിയെ സമീപിക്കാൻ വരെ നിർബന്ധിതരായി. കേന്ദ്രനിലപാടിൽ അടിയന്തര പുനപരിശോധന വേണം. അർഹതപ്പെട്ട ​​ഗ്രാന്റും സഹായ വിഹിതവും കേന്ദ്രം തടഞ്ഞുവെക്കുന്നു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തര വരുമാനവും കൂട്ടിയാണ് പിടിച്ചുനിന്നത്. കേന്ദ്രനടപടിയിൽ സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ടെന്നും ​ഗവർണർ പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സംഭവത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം അറിയിക്കുകയാണ്. നയപ്രഖ്യാപനത്തിൽ കാര്യമായ കേന്ദ്ര വിമർശനമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവർണർ രണ്ടു മിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ചു മടങ്ങിയതിൽ പ്രതികരിക്കുകയായിരുന്നു സതീശൻ.

കേരളീയത്തെ കുറിച്ചും നവകേരള സദസിനെകുറിച്ചും മാത്രമാണ് ഈ നയപ്രഖ്യാപനത്തിൽ പറയുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ എന്ന ഭവനനിർമാണ പദ്ധതി പൂർണമായി തകർന്നുവെന്നും സതീശൻ ആരോപിച്ചു. സപ്ലൈകോയിൽ സബ്‌സിഡിയുള്ള സാധനങ്ങൾ ലഭിക്കാനില്ല. സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങിയിരിക്കുകയാണ്. നയപ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്ന ഓരോകാര്യവും യാഥാർഥ്യവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here