കോട്ടയം: രോഗവ്യാപനം രൂക്ഷമായ കോട്ടയം ഏറ്റുമാനൂർ ക്ലസ്റ്ററിൽ സാംപിൾ പരിശോധന ഇന്നും തുടരും. 45 പേർക്ക് രോഗം സ്ഥിരീകരിച്ച പച്ചക്കറി ചന്തയിലും സമീപ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലുമാണ് പരിശോധന. രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായാൽ ജില്ല ലോക്ഡൗണിലേക്ക് നീങ്ങും.
ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറ് പിന്നിടുന്നത് ഇതാദ്യം. ഇന്നലെ രോഗം സ്ഥിരീകരിച്ച 118 ൽ 116 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏറ്റുമാനൂർ ചന്തയിലെ 45 പേർക്ക് പുറമെ പാറത്തോട്, ചങ്ങനാശ്ശേരി ക്ലസ്റ്ററുകളിലും രോഗികളുടെ എണ്ണം കൂടി. പാറത്തോട് 81 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പാറത്തോട് ക്ലസ്റ്ററിൽ രോഗം ബാധിച്ചവരുടെ എണ്ണം 56ലെത്തി. ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻപ് രോഗം സ്ഥിരീകരിച്ച മത്സ്യമാർക്കറ്റിലെ ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്കണ് രോഗബാധ. ഏറ്റുമാനൂർ ക്ലസ്റ്റിൽ ഉൾപ്പെട്ട അതിരമ്പുഴയിൽ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു. ക്ലസ്റ്ററിൽ ഉൾപ്പെട്ട മറ്റ് പഞ്ചായത്തുകളിലേക്ക് ഇന്ന് പരിശോധന വ്യാപിപ്പിക്കും.
കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് വനിതാ ഡോക്ടർമാർ ഉൾപ്പെടെ മൂന്നുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ നാലു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മൂന്നു വാർഡുകൾ അടച്ചു. ഈ വാർഡുകളിലെ രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കോവിഡ് ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. തൃക്കൊടിത്താനത്ത് ആൻ്റിജൻ ടെസ്റ്റിൽ നെഗറ്റീവായ ഒരു വീട്ടിലെ 3 പേർക്ക് ആർടിപിസിആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്നാണ് വീണ്ടും പരിശോധന നടത്തിയത്.