വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം നൽകാനുള്ള പദ്ധതിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ വിദേശ ഇന്ത്യക്കാരെ ഉൾപ്പെടുത്തുകയും, അവർക്ക് വോട്ടവകാശം നൽകുകയും ചെയ്യുക എന്നത് ദീർഘകാലമായി നിലനിൽക്കുന്ന ഒരു ആവശ്യമാണ്, ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അത് നിറവേറ്റാനുള്ള ശ്രമത്തിലാണ്.
‘ഇന്ത്യ- ജനാധിപത്യത്തിന്റെ മാതാവ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക്’ എന്ന വിഷയത്തിൽ 2022 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഓഫീസർ ട്രെയിനികളുമായി (OTs) അദ്ദേഹം സംവദിച്ചു. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, 1.34 കോടിയിലധികം വരുന്ന വിദേശ വോട്ടർമാർക്ക് ഇലക്‌ട്രോണിക് ട്രാൻസ്‌മിറ്റഡ് തപാൽ ബാലറ്റ് സംവിധാനം വഴി തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാങ്കേതികവിദ്യ അധിഷ്‌ഠിതമായ രീതി ഉപയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ഐഎഫ്‌എസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
“ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്, ഐഎഫ്‌എസുകരുടെയും ലോകമെമ്പാടുമുള്ള നമ്മുടെ ഹൈക്കമ്മീഷനുകളുടെയും എംബസികളുടെയും പങ്ക് നിർണായകമാണ്” അദ്ദേഹം പറഞ്ഞു.