വണ്ടൻമേട്
ഏലത്തോട്ടം തൊഴിലാളികൾക്ക് 2021––22 വർഷത്തിൽ 10.5 ശതമാനം ബോണസ് നൽകാൻ തീരുമാനം. കമ്പം കാർഡമം ഗ്രോവേഴ്സ് യൂണിയൻ ഹാളിൽ തോട്ടം ഉടമകളും തൊഴിലാളി യൂണിയൻ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഉൽപ്പാദനക്കുറവും വിലയിടിവും ഏലം കൃഷിയെ പ്രതികൂലമായി ബാധിച്ചതിനാൽ മിനിമം ബോണസ് മാത്രമേ നൽകാൻ കഴിയൂവെന്നായിരുന്നു തോട്ടം ഉടമകളുടെ വാദം. രണ്ടുമാസമായി ചർച്ച നടന്നുവരികയായിരുന്നു. കഴിഞ്ഞ സീസണിൽ 13 ശതമാനം ബോണസ് ലഭിച്ചിരുന്നു. തൊഴിലാളി യൂണിയൻ സംഘടനകളുടെ ശക്തമായ സമ്മർദത്തിലാണ് 10.5 ശതമാനം ബോണസ് നൽകാമെന്ന് തോട്ടം ഉടമകൾ സമ്മതിച്ചത്.
തോട്ടം തൊഴിലാളികളുടെ നിലവിലെ പ്രതിദിന ശമ്പളം 448.86 രൂപയാണ്. ശരാശരി 440.76 രൂപ കണക്കാക്കിയാണ് ബോണസ് ശതമാനം നിശ്ചയിക്കുക. ബോണസിനു പുറമെ തൊഴിലാളികൾക്ക് അവധി ശമ്പളം, സിക്ക് അലവൻസ്, കമ്പളി എന്നിവയും ലഭിക്കും.
ചർച്ചയിൽ തൊഴിലാളി സംഘടനയെ പ്രതിനിധീകരിച്ച് കെ എസ് മോഹനൻ, വി എൻ മോഹനൻ, വി കെ ധനപാൽ, ജോർജ് കരിമറ്റം, രാജാ മാട്ടുക്കാരൻ, സി കെ കൃഷ്ണൻകുട്ടി, എം നാഗയ്യ എന്നിവരും തോട്ടം ഉടമകളുടെ പ്രതിനിധികളായി ടി കെ എസ് ഉദയകുമാർ, എസ് പി സുബ്രഹ്മണ്യം, എം എം ലംബോധരൻ, ശിവസുബ്രഹ്മണ്യം സ്വാമി എന്നിവരും പങ്കെടുത്തു.