ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുന്ന കന്നട ചിത്രം കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിനെ ചൊല്ലി ഉയര്‍ന്ന കോപ്പിയടി വിവാദത്തില്‍ കോടതി ഇടപെടല്‍. പ്രമുഖ സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്‍റെ നവരസം എന്ന ഗാനത്തിന്‍റെ തനിപകര്‍പ്പാണെന്ന വാദം പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്.
കാന്താരയിലെ കോപ്പിയടി ആരോപിക്കപ്പെട്ട വരാഹരൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്‍റെ അനുമതി ഇല്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സുപ്രീംകോടതി അഭിഭാഷകന്‍ സതീഷ് മൂര്‍ത്തിയാണ് തൈക്കുടം ബ്രിഡ്ജിനുവേണ്ടി കോടതിയില്‍ ഹാജരായത്.ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയെയാണ് വരാഹരൂപം ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്.