കേരളത്തിലും ഐമാക്സ് തിയേറ്റര്‍ എത്തുന്നു. കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്തെ ലുലു മാളിലാണ് ആരംഭിക്കുന്നത്. സിനിമാ പ്രേമികൾ പലരും കേട്ടിട്ടുള്ളൊരു വാക്കായിരിക്കും ഐമാക്സ് (IMAX). സിനിമ തുടങ്ങുന്നതിനു മുൻപ് സ്ക്രീനിൽ തെളിയുന്ന ആ പേര് പലർക്കും പരിചിതമാണെങ്കിലും എന്താണ് ഐമാക്സ് എന്ന് എത്ര പേർക്കറിയാം. അതേക്കുറിച്ച് വിശദമായി മനസിലാക്കാം.ഉയർന്ന റെസല്യൂഷനുള്ള ലെൻസുകൾ, ഫിലിം കോഡെക്കുകൾ, പ്രൊജക്ടറുകൾ, സിനിമാ തിയേറ്ററുകളിലേക്കു വേണ്ട ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന ഒരു സ്ഥാപനമാണ് ഐമാക്സ്. ഒരു പ്രത്യേക സിനിമാ ഫോർമാറ്റും കാഴ്ചാ അനുഭവവും നൽകുന്ന സാങ്കേതിക വിദ്യ കൂടിയാണിത്. ഒരു സാധാരണ സിനിമാ തിയേറ്ററും പ്രീമിയം സിനിമാ തിയേറ്ററും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? അത് പ്രധാനമായും സ്ക്രീനിന്റെയും തിയേറ്ററിന്റെയും വ്യത്യാസം തന്നെയാണ്. ഒരു ഐമാക്സ് തിയേറ്ററുകളിലേക്കു കയറുമ്പോൾ തന്നെ ആ വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും.
ഐമാക്സ് സ്‌ക്രീനുകൾക്കു പിന്നിൽ ലൗഡ്‌സ്പീക്കറുകൾ ഉണ്ടാകാറുണ്ട്. സ്റ്റേഡിയം സ്റ്റൈൽ സീറ്റുകളാണ് ഇവിടെ കാണുക. ഏറ്റവും ഗുണനിലവാരമുള്ളതും വ്യക്തവുമായ ദൃശ്യങ്ങളും ശബ്ദങ്ങളുമാണ് ഐമാക്സ് നൽകുന്നത്.
അത്ര പുതിയതൊന്നുമല്ല ഈ തിയേറ്റർ സാങ്കേതികവിദ്യ. 1971-ലാണ് ഐമാക്സ് തിയേറ്റർ ആരംഭിച്ചത്. ആദ്യകാലങ്ങളിൽ അതത്ര ജനപ്രിയമായിരുന്നില്ലെന്ന് മാത്രം. 2000 ത്തോടെ ഐമാക്സ് കൂടുതൽ പ്രചാരം നേടാൻ തുടങ്ങി. ആദ്യം വന്യജീവികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഇത്തരം തിയേറ്ററുകൾ ഉപയോഗിച്ചിരുന്നു. ഇത്തരം സ്‌ക്രീനുകളിൽ നിരവധി ഗ്രാഫിക്കൽ സിനിമകളും പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ എൺപതു രാജ്യങ്ങളിലായി ഏകദേശം 1500ഐമാക്സ് തിയേറ്ററുകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രേക്ഷകന് മുന്നിലാണോ ഇതു നടക്കുന്നതെന്ന് തോന്നിപ്പിക്കും വിധം ഐമാക്സ് തിയേറ്ററുകളിൽ ദൃശ്യങ്ങൾ ആസ്വദിക്കാനാകും. ഇതിനായി ലീനിയർ പോളറൈസേഷൻ സാങ്കേതികവിദ്യകളും മികച്ച ക്യാമറകളും ഉപയോഗിക്കണം.
വിശാലമായ കോണിൽ നിന്ന് സിനിമ കാണാൻ കഴിയും എന്നതാണ് ഐമാക്സ് തിയേറ്ററുകളുടെ മറ്റൊരു പ്രത്യേകത. ഒരു വീക്ഷണകോണിൽ നിന്നുള്ള ചിത്രം എല്ലാ ആംഗിളുകളിൽ നിന്നും കാണാനാകും. വ്യക്തവും മികച്ചതുമായ ശബ്ദം ലഭിക്കുന്നതിനായി ഐമാക്സ് തീയറ്ററുകളിൽ പ്രത്യേകം സൗണ്ട് ഡിസൈനർമാരും ഓഡിയോ സിസ്റ്റം ക്രമീകരണങ്ങളും ഉണ്ട്.
ഐമാക്സ് സ്ക്രീനും റെഗുലർ സ്ക്രീനും തമ്മിലുള്ള വ്യത്യാസം
വെള്ളവും ശുദ്ധജലവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിക്കുന്നത് പോലെയാണ് ഇത്. രണ്ടും തമ്മിലുള്ള വ്യത്യാസം അതിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കിയാണ് പറയാൻ കഴിയുക. ഒരു വലിയ സ്‌ക്രീനിൽ ഏറ്റവും ഉയർന്ന നിലവാരത്തോടും മികച്ച ശബ്ദ സാങ്കേതികവിദ്യയോടും കൂടെ ഐമാക്സ് സ്‌ക്രീനില്‍ സിനിമ കാണാം. ഐമാക്സ് ക്യാമറ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചതെങ്കിൽ സ്ക്രീൻ മുഴുവൻ നിറഞ്ഞുനിൽക്കുന്ന അനുഭവം ആസ്വദിക്കാനാകും.
കുറഞ്ഞ പിക്സൽ റെസല്യൂഷനുള്ള റെഗുലർ സ്ക്രീൻ ആണ് സാധാരണ തിയേറ്ററുകളിൽ കാണാനാകുക. നേരേമറിച്ച് ഐമാക്സ് സ്ക്രീൻ വിശാലമാണ്. ഇത് ഒരു സാധാരണ തിയേറ്റർ സ്ക്രീനിനേക്കാൾ പത്തിരട്ടി വലുതാണ്.
മൂന്ന് പ്രൊജക്ഷൻ ഫോർമാറ്റുകളും 70 mm ഫിലിം സിസ്റ്റവും ഉപയോഗിച്ചാണ് ഐമാക്സ് പ്രവർത്തിക്കുന്നത്. സാധാരണ തിയേറ്ററുകൾക്ക് ഒരു ഫിലിം ഫോർമാറ്റ് മാത്രമേ ഉള്ളൂ. ചതുരാകൃതിയിലുള്ള സ്‌ക്രീനിൽ 35 എംഎം ഫിലിം സിസ്റ്റം ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം.
സ്റ്റാൻഡേർഡ് സൗണ്ടും ഐമാക്സ് സൗണ്ടും തമ്മിലുള്ള വ്യത്യാസം
കൃത്യമായി രൂപകൽപന ചെയ്ത ഓഡിയോ സിസ്റ്റങ്ങളുടെയും സ്പീക്കറുകളുടെയും പിൻബലത്തിലാണ് ഐമാക്സ് സൗണ്ട് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് നിങ്ങൾ സ്പീക്കറുകളുടെ അടുത്തു നിന്ന് എത്ര അകന്നിരുന്നാലും വ്യക്തവും മികച്ചതുമായ ഓഡിയോ കേൾക്കാൻ കഴിയുന്നത്.
അടിസ്ഥാന ശബ്‌ദങ്ങൾ നൽകുന്ന 12-ചാനൽ അല്ലെങ്കിൽ വലിയ തോതിലുള്ള ശബ്ദങ്ങൾ നൽകുന്ന 6-ചാനൽ ശബ്‌ദ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ ഐമാക്സ് തീയറ്ററിലെ ശബ്‌ദം വളരെ ആഴത്തിലുള്ളതായിരിക്കും.
സ്റ്റാൻഡേർഡ് തിയേറ്ററുകളിൽ നിരവധി ശബ്ദ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, മിക്ക സ്റ്റാൻഡേർഡ് തിയേറ്ററുകളും 5.1 അല്ലെങ്കിൽ അതേ തരത്തിലുള്ള ഓഡിയോ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്.
സ്റ്റാൻഡേർഡ് 3D യും ഐമാക്സ് 3D യും തമ്മിലുള്ള വ്യത്യാസം.
സാധാരണ 3D-യിൽ നിങ്ങൾക്ക് ചെറിയ വസ്തുക്കളെ വേർതിരിച്ചറിയാൻ കഴിയണമെന്നില്ല. എന്നാൽ ഐമാക്സ് 3 ഡിയിൽ അവ കൃത്യമായി വേർതിരിച്ചറിയാൻ സാധിക്കും. രണ്ട് വ്യത്യസ്ത പ്രൊജക്ടറുകളുടെ ചിത്രങ്ങൾ സംയോജിപ്പിച്ച് ഉയർന്ന ദൃശ്യ നിലവാരമാണ് ഐമാക്സ് 3 ഡി വാഗ്ദാനം ചെയ്യുന്നത്. മനുഷ്യന്റെ കണ്ണിന്റെ സവിശേഷതകൾ മനസിലാക്കിയാണ് ഐമാക്സ് പ്രൊജക്ടറിന്റെ പ്രവർത്തനം ക്രമീകരിക്കുന്ന്.
ഐമാക്സിന്റെ എതിരാളികൾ
ഡിജിറ്റൽ തിയേറ്ററുകളുടെ വരവോടെ ഐമാക്സ് വാഗ്ദാനം ചെയ്യുന്ന തിയേറ്റർ അനുഭവം ആവർത്തിക്കാൻ ശ്രമിക്കുന്ന പല എതിരാളികളും വന്നു. അവയെക്കുറിച്ചാണ് ഇനി പറയുന്നത്.
ഐമാക്സും ഡോൾബി സിനിമയും (Dolby Cinema)
ഒരേ തിയേറ്റർ കോംപ്ലക്സിൽ തന്നെ ഒരു ഡോൾബി സിനിമാ തിയേറ്ററും ഒരു ഡിജിറ്റൽ ഐമാക്സ് തിയേറ്ററും കാണാറുണ്ട്. ഇവ രണ്ടും വലിയ സ്‌ക്രീനിലെ ദൃശ്യാനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഐമാക്സിന് കൂടുതൽ മികച്ച ഡിസ്‌പ്ലേയും കൂടുതൽ സീറ്റുകളും ഉണ്ട്. കൂടുതൽ ഷാർപ്പ് ആയതും കൂടുതൽ സ്പഷ്ടവുമായ ചിത്രങ്ങളും ബാസ് ഉള്ള ശബ്ദങ്ങളും നൽകുന്നതിൽ പേരു കേട്ട സാങ്കേതിക വിദ്യയാണ് ഡോൾബി. ഇന്ന് തിയേറ്ററുകളിലും വീടുകളിലും ഡോൾബി സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. ശബ്ദങ്ങളെ അതിന്റെ പൂർണതയിൽ അനുഭവിപ്പിക്കുകയാണ് ഡോൾബി ചെയ്യുന്നത്. 64 ചാനലുകളിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്.
ഐമാക്സും ആർപിഎക്സും (RPX)
ഡോൾബിക്കു സമാനമാണ് ആർപിഎക്സും. ആർപിഎക്സ് തിയേറ്ററുകളിലും ഒരു കൂറ്റൻ സ്ക്രീനും ധാരാളം സീറ്റുകളും ഉണ്ട്. ശരാശരി പ്രൊജക്ഷനേക്കാൾ മികച്ച ശബ്ദവും ദൃശ്യ നിലവാരവും ആർപിഎക്സ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ആർപിഎക്സ് പ്രൊജക്ടറുകൾക്ക് ഐമാക്സ് സ്ക്രീനുകളേക്കാൾ നീളമില്ല. ഉയരത്തേക്കാൾ വീതിക്കാണ് ആർപിഎക്സ് പ്രാധാന്യം നൽകുന്നത്.
ഐമാക്സും ഡി-ബോക്സും (D-BOX)
ഡി-ബോക്സിൽ സ്ക്രീനിനേക്കാൾ സീറ്റുകൾക്കാണ് പ്രത്യേകത. 4D അനുഭവം നൽകിക്കൊണ്ട് ഡി-ബോക്സ് സീറ്റുകൾ സിനിമകൾക്കൊപ്പം സഞ്ചരിക്കുന്നു. സീറ്റുകളിരുന്ന് ഒരു പ്രത്യേക സിനിമാ അനുഭവം ആസ്വദിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഡി-ബോക്സ് തിയേറ്ററുകൾ തിരഞ്ഞെടുക്കാം.
ദൃശ്യങ്ങൾക്കും ശബ്ദങ്ങൾക്കും ഒരുപോലെ മുൻഗണന നൽകുന്ന സിനിമാ അനുഭവം ലഭിക്കാനാണ് ഇന്ന് പലരും ആഗ്രഹിക്കുന്നത്. തിയേറ്റർ ഉടമകളെ സംബന്ധിച്ചത്തോളം ഇവ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറിയിരിക്കുകയാണ്. ഇന്ന് മിക്ക ആളുകളും മൾട്ടിപ്ലക്സുകളിലും വലിയ തിയേറ്ററുകളിലുമൊക്കെയാണ് 3ഡി സിനിമകൾ കാണുന്നത്. തിയേറ്റർ ഉടമകൾ പലരും തങ്ങളുടെ ബിസിനസ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ശ്രമിക്കുകയുമാണ്.