രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 278 ആയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതില്‍ 101 മൃതദേഹങ്ങളെങ്കിലും ഇനിയും തിരിച്ചറിയാനുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ രണ്ടിന് വൈകുന്നേരമാണ് ഒഡീഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ 1,100 ഓളം പേരില്‍ 900 ഓളം പേരെ ഡിസ്ചാര്‍ജ് ചെയ്തതായി ഇസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേയുടെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) റിങ്കേഷ് റോയ് പറഞ്ഞു. ‘ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ 1,100 പേര്‍ക്ക് പരിക്കേറ്റു. അതില്‍ 900 ഓളം പേരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. 200 ഓളം പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ച 278 പേരില്‍ 101 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്’ ഡിആര്‍എം പറഞ്ഞു.
ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചേക്കും. അവര്‍ക്കൊപ്പം മന്ത്രിമാരായ ചന്ദ്രിമ ഭട്ടാചാര്യ, ശശി പഞ്ജ എന്നിവരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ആണെന്ന് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അവകാശപ്പെട്ടു. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ ടിഎംസി പൊലീസുമായി ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
‘ഇത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ്. സംഭവം നടന്നത് അന്യസംസ്ഥാനത്തായിരിക്കെ ഇന്നലെ മുതല്‍ എന്തിനാണ് അവര്‍ ഇത്രയും പരിഭ്രാന്തരാകുന്നത്. എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത്? പോലീസിന്റെ സഹായത്തോടെ ഇവര്‍ രണ്ട് റെയില്‍വേ ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ചോര്‍ത്തി.’ അധികാരി പറഞ്ഞു. ‘രണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണം ഇവര്‍ എങ്ങനെയാണ് അറിഞ്ഞത്? അവരുടെ സംഭാഷണം എങ്ങനെ ചോര്‍ന്നു? ഇതില്‍ സിബിഐ അന്വേഷണം വരണം. വന്നില്ലെങ്കില്‍ ഞാന്‍ കോടതിയില്‍ പോകും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.