ജൂൺ 12ന് വിക്ഷേപണ ജാലകം തുറക്കുന്നതിനാൽ ജൂലൈയിൽ ചന്ദ്രയാൻ-3ന്റെ വിക്ഷേപണം നടന്നേക്കുമെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. ‘ഇന്ത്യയുടെ ബഹിരാകാശ അന്വേഷണം’ എന്ന സെഷനിൽ രാജ് ചെങ്കപ്പയുമായി സംവദിക്കുകയായിരുന്നു ഇസ്രോ ചെയർമാൻ.
“അടിസ്ഥാനപരമായി, ചന്ദ്രയാൻ-3 ചന്ദ്രയാൻ-2ന് സമാനമാണ്, അതേ ശാസ്ത്രീയ വാസ്‌തുവിദ്യയും ദൗത്യ ലക്ഷ്യവുമാണ്” വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കൂട്ടി ചേർത്ത് കൊണ്ട് എസ് സോമനാഥ് പറഞ്ഞു.
“ഞങ്ങൾക്ക് ദൗത്യം പരാജയമായിരുന്നു, പക്ഷേ ഓർബിറ്റർ അവിടെ പ്രവർത്തിക്കുകയും ഞങ്ങൾക്ക് ഡാറ്റ നൽകുകയും ചെയ്യുന്നു. എന്താണ് തെറ്റ് സംഭവിച്ചതെന്ന് മനസിലാക്കാനും പ്രശ്‌നം എന്താണെന്ന് പഠിക്കാനും ഞങ്ങൾ കഠിനമായി പരിശ്രമിച്ചു. ഇത് സോഫ്റ്റ്വെയറിലെ പിശകാണ്” ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പരാജയത്തെ കുറിച്ച് ഇസ്രോ മേധാവി പറഞ്ഞു.
സോളാർ കൊറോണലിനെ കുറിച്ച് പഠിക്കാൻ രൂപകൽപ്പന ചെയ്‌ത ആദിത്യ എൽ-1 ദൗത്യം ഓഗസ്‌റ്റിൽ വിക്ഷേപിക്കുമെന്ന് ഇസ്രോ മേധാവി അറിയിച്ചു. സൂര്യനെ തുടർച്ചയായി വീക്ഷിക്കുന്നതിനായി ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ നാലിരട്ടി ദൂരമുള്ള ലഗ്രാഞ്ച് പോയിന്റ് 1ലേക്ക് പേടകം വിക്ഷേപിക്കും.
ഗഗൻയാൻ ദൗത്യത്തെക്കുറിച്ച് സംസാരിച്ച സോമനാഥ് നാല് പൈലറ്റുമാർ ബഹിരാകാശയാത്രികരായ ട്രെയിനികളായി ചേർന്നുവെന്നും, അവർ കോഴ്‌സ് വർക്കുകളും സിമുലേഷനുകളിലൂടെയും കടന്നുപോകുന്നുവെന്നും പറഞ്ഞു. “അവർക്ക് ഇരിക്കാനുള്ള മൊഡ്യൂൾ ഞങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുകയാണ്” ഇസ്രോ ചെയർമാൻ പറഞ്ഞു.
ക്രൂ എസ്‌കേപ്പ് സിസ്‌റ്റം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് കുറഞ്ഞത് നാല് ദൗത്യങ്ങളെങ്കിലും ആവശ്യമാണെന്നും “ദൗത്യത്തിന്റെ അവസാനം വരെയുള്ള ശേഷി തെളിയിക്കാൻ ആളില്ലാ ദൗത്യങ്ങൾ നടത്തണം കുറഞ്ഞത് രണ്ട് തവണ എങ്കിലും ആവർത്തിക്കേണ്ടതുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.