മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറ്റവും അപകടകരമായ സമൂഹ്യ അന്തരീക്ഷത്തിലാണ് ഇന്ത്യയിലെ സ്ത്രീകൾ ജീവിക്കുന്നതെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
“ഇന്ത്യയിൽ 70 ശതമാനം സ്ത്രീകളും ഗാർഹിക പീഡനത്തിരയാകുന്നു, സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സമൂഹ്യ അന്തരീക്ഷമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്, സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അടിസ്ഥാനപരമായ അടിച്ചേൽപ്പിക്കലുകൾ നിയന്ത്രിക്കാനും നമുക്ക് സാധിക്കണം”- മന്ത്രി പറഞ്ഞു. കൂടാതെ സമൂഹത്തിൽ സ്ത്രീ സൗഹൃദമായ പൊതുമണ്ഡലം വേണമെന്നും ചെറുപ്പകാലം മുതൽ കുട്ടികളിൽ കുത്തിവയ്ക്കുന്ന സ്ത്രീ പുരുഷ കാഴ്ചപ്പാടുകൾ നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരേസമയം കുടുംബ കേന്ദ്രീകൃത പ്രത്യയശാസ്ത്രത്തെ നേരിടാനും പൊതുരംഗത്ത് നിൽക്കാനും താൻ ഒരുപാട് ബുദ്ധിമുട്ടുന്നതായി മന്ത്രി പറഞ്ഞു. കുടുംബമെന്ന ചട്ടക്കൂടിൽ സ്ത്രീകൾക്കായുള്ള അലിഖിത നിയമങ്ങൾ എല്ലാക്കാലത്തും പിന്തുടരുന്നതായും ജീവിതയാത്രയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടതായും അവർ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക പരിഷ്കരണത്തിനും സ്ത്രീ മുന്നേറ്റത്തിന്റെ നവോഥാന കാഴ്ചപ്പാടുകൾക്കും നാഴികക്കല്ലായ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം ഇറങ്ങി 100 വർഷം പിന്നിടുമ്പോഴും സമൂഹത്തിൽ അത് പൂർണമായി നടപ്പാക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടതായി മന്ത്രി പറഞ്ഞു.
സി.പി.എം നേതാവായ ബിന്ദു രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പ് കോളേജ് പ്രൊഫസറായി പ്രവർത്തിച്ചിരുന്നു. കോവളം റാവിസിൽ വെച്ച് നടക്കുന്ന ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്തിൽ ജൻഡർ: കീഴടക്കാനുള്ള മറ്റ് അതിർത്തികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സെഷനിൽ ഡാൻസ് എക്‌സ്‌പോണന്റ് ഡോ. മേതിൽ ദേവിക, സുന്ദരം ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക മൃദുല രമേശ് എന്നിവരും പങ്കെടുത്തു.
തന്റെ ആദ്യകാല ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് പറഞ്ഞ മൃദുല രമേശ് കുടുംബത്തിന്റെ ഉത്തരവാദിത്വത്തിന്റെ നൂറ് ശതമാനവും സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുന്നതായി അഭിപ്രായപ്പെട്ടു. “ഏതൊരു കുടുംബത്തിന്റെയും ഉത്തരവാദിത്തം പൂർണ്ണമായും സ്ത്രീയുടേതാണെന്നും അത് മാറേണ്ടതുണ്ടെന്നും” അവർ പറഞ്ഞു.
“ഇന്ത്യൻ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം വർദ്ധിച്ചു വരുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നും സ്ത്രീകൾ വീട്ടിൽ കുട്ടികളെയും പ്രായമായവരെയും പരിപാലിക്കേണ്ടതുള്ളതുകൊണ്ട്, അവരുടെ തൊഴിലിനായി ,ക്യാരിയറിനായി സമയം കിട്ടുന്നില്ലെന്നും”-സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ച ഡോ.മേതിൽ ദേവിക പറഞ്ഞു.