പൊതുവിദ്യാലയം ഇഷ്ടയിടമായി.

0
62

തിരുവനന്തപുരം

ഴുവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയത്തിലേക്ക് കൂടുതലായി എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

2016ല്‍ അഞ്ചുലക്ഷം കുട്ടികള്‍ കൊഴിഞ്ഞുപോയിരുന്നു. എന്നാല്‍, കാലം മാറി. വിദ്യാലയങ്ങളില്‍ മാറ്റമുണ്ടായി. രക്ഷിതാക്കളും കുട്ടികളും പൊതുവിദ്യാലയത്തെ ഇഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. വിട്ടുപോയ അഞ്ചുലക്ഷത്തിന് പകരം ഇരട്ടിയിലധികം തിരിച്ചെത്തി.

പൊതുവിദ്യാഭ്യാസത്തില്‍ വന്ന മാറ്റമാണ് ഇതിലൂടെ കാണാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മലയിൻകീഴ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങള്‍ അനുഭവിച്ചിരുന്ന പലതരം പ്രയാസങ്ങളെല്ലാം ഇപ്പോള്‍ ഇല്ലാതായി. ഓരോ കുഞ്ഞും പ്രത്യേകം പ്രത്യേകമുള്ള ചെറിയ കസേരയിലിരുന്ന് അവരുടെ ആദ്യദിവസം തുടങ്ങുന്നതാണ് കാണാനാകുന്നത്. നാടും നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും അധ്യാപക–- രക്ഷാകര്‍തൃസമിതിയും ഇതിനായി ഫലപ്രദമായി അണിനിരന്നു. പാഠപുസ്തകവും യൂണിഫോമും കൃത്യസമയത്ത് നല്‍കി. എത്രമാത്രം കരുതലോടെയാണ് വിദ്യാഭ്യാസമേഖലയെ സര്‍ക്കാര്‍ കാണുന്നതെന്ന് ഇതിലൂടെ മനസ്സിലാകുന്നത്. പാഠപുസ്തകത്തിന്റെ ഫോട്ടോ കോപ്പിയെടുത്ത് പഠിച്ച കാലമുണ്ടായിരുന്നു. അതെല്ലാം മാറി. നല്ല പഠന അന്തരീക്ഷം ഒരുക്കി. അക്കാദമികതലത്തിലും മാറ്റമുണ്ടായി. സ്കൂളുകളെല്ലാം അതിനുവേണ്ട സൗകര്യം ഒരുക്കി. ലാബടക്കമുള്ള എല്ലാ സൗകര്യവുമൊരുക്കി.ക്ലാസ് മുറികളും വിദ്യാലയങ്ങളും സ്മാര്‍ട്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങളെ തെറ്റായി ഉപയോഗിക്കുന്ന പലതുണ്ട്. അത് നാടിന്റെ ഭാവിയെ അപകടപ്പെടുത്താൻ ഉദ്ദേശിക്കുന്നവരാണ്. കുറച്ച്‌ മുതിര്‍ന്ന കുട്ടികളെ ഇതിന് ഉപയോഗിക്കുന്നു. അതില്‍ കരുതലും ജാഗ്രതയും വേണം. അതേപോലെ വിദ്യാര്‍ഥികളുടെ പൊതുവളര്‍ച്ചയില്‍ അധ്യാപകര്‍ പങ്കുവഹിക്കണം. ശരിയായ കാര്യം കുട്ടികളിലെത്തിക്കുകയെന്നത് അധ്യാപകരുടെ ചുമതലയാണ്. കുട്ടികളില്‍ സാമൂഹ്യ പ്രതിബദ്ധത ഉണ്ടാകുവുക എന്നത് ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here