സുസ്ഥിരക്ഷീര വികസനത്തിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് സാമ്ബത്തിക, സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കോവളം വെള്ളാര്‍ കേരള ആര്‍ട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജില്‍ നടന്ന ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി വീഡിയോ കോണ്‍ഫറൻസിലൂടെ നിര്‍വഹിച്ചു. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും കാലത്ത് പോഷകങ്ങളുടെ കലവറയായ പാലിന്റേയും പാലുത്പന്നങ്ങളുടെയും പ്രാധാന്യം മറക്കുകയാണെന്നും പാലിന് ഒരു സുസ്ഥിരവിപണിയുള്ളതിനാല്‍ കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം സാധ്യമാകുന്നുവെന്നും മന്ത്രി പറഞ്ഞു. ആഗോള സമീകൃത ഭക്ഷണമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം വിളിച്ചോതുക, ക്ഷീരവൃത്തി ആസ്വാദ്യകരമാക്കുക എന്നതാണ് ക്ഷീര ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രകൃതിയെ നോവിക്കാതെ മികച്ച പോഷണവും ഉത്തമ ജീവനോപാധിയും പാലിലൂടെ ലഭ്യമാക്കുക എന്നതാണ് ഈ വര്‍ഷത്തെ ക്ഷീരദിനത്തിന്റെ സന്ദേശം.
എം. വിൻസെന്റ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് പാലും പോഷക സുരക്ഷയും എന്ന വിഷയത്തില്‍ സെമിനാറും സാങ്കേതിക ശില്പശാലയും നടന്നു. സ്റ്റേറ്റ് ഡയറി ലാബിന്റെ ബ്രോഷര്‍ പ്രകാശനം എം.വിൻസെന്റ് എം.എല്‍.എ നിര്‍വഹിച്ചു. ക്ഷീര സംഘങ്ങളിലെ മികച്ച പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റിനുള്ള സംസ്ഥാന പുരസ്‌കാരം എറണാകുളം ജില്ലയിലെ കറുകപ്പിള്ളി സംഘത്തിലെ കെ.കെ സൗദാമിനി എം.എല്‍.എയില്‍ നിന്നും, മികച്ച ലാബ് അസിസ്റ്റന്റിനുള്ള പുരസ്‌കാരം കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാമരം ക്ഷീരസംഘത്തിലെ ബാലാമണി മില്‍മ ചെയര്‍മാൻ കെ.എസ് മണിയില്‍ നിന്നും ഏറ്റുവാങ്ങി. ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി ക്ഷീരവികസനവകുപ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. കേരള ക്ഷീരകര്‍ഷക ക്ഷേമ നിധി, ക്ഷീര സുരക്ഷാ ധനസഹായം കൊല്ലം ജില്ലാ നല്ലില ക്ഷീര സംഘത്തിലെ ഷംസുദീന് കൈമാറി. ക്ഷീരവികസനവകുപ്പിന്റെ അനുബന്ധസ്ഥാപനങ്ങളായ മില്‍മ, ക്ഷീരസഹകരണ സംഘങ്ങള്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ്, കേരള ഫീഡ്‌സ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികളും നടന്നു.
ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ഡോ.എ.കൗശിഗൻ, സ്റ്റേറ്റ് ഡയറി ലാബ് ജോയിന്റ് ഡയറക്ടര്‍ ബിന്ദുമോൻ പി.പി, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാൻ വി.പി ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികള്‍, ക്ഷീര സഹകരണ സംഘാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.