സുഡാനില്‍ ആഭ്യന്തരകലാപം തുടരുന്നു.

0
70

ശനിയാഴ്ച സുഡാനിലെ ഒരു നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് മാസത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ വ്യോമാക്രമണങ്ങളിലൊന്നാണിതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. തലസ്ഥാന നഗരമായ ഖാര്‍ത്തൂമിന്റെ സമീപപ്രദേശമായ ഒംദുര്‍മാനിലെ ഡാര്‍ എസ് സലാം പരിസരത്താണ് ആക്രമണം നടന്നതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മന്ത്രാലയം പുറത്തുവിട്ട വീടിയോയില്‍ മൃതദേഹങ്ങള്‍ ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍ നിലത്ത് കിടക്കുന്നതും ആളുകള്‍ മരിച്ചവരെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതായും മറ്റുള്ളവര്‍ പരിക്കേറ്റവരെ സഹായിക്കുന്നതായും കാണാം. തലസ്ഥാനത്തെ നഗരപ്രദേശങ്ങളിലും സുഡാനിലെ മറ്റിടങ്ങളിലും നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്ന ആക്രമണം. കഴിഞ്ഞ മാസം ഖാര്‍ത്തൂമില്‍ നടന്ന വ്യോമാക്രമണത്തില്‍ 5 കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു .

ആക്രമണത്തിന് ഉത്തരവാദി ഏത് വിഭാഗമാണെന്ന് നിര്‍ണ്ണയിക്കാനികുന്നില്ലെന്ന് ഒംദുര്‍മാന്‍ നിവാസികള്‍ പറയുന്നു. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും ഒരുപോലെ സംഘര്‍ഷം തുടരുകയാണ്.  ശനിയാഴ്ച പുലര്‍ച്ചെ ആക്രമണസമയത്ത് സൈന്യം, ആളുകളുടെ വീടുകള്‍ ഷീല്‍ഡുകളായി  ഉപയോഗിച്ച് ആര്‍എസ്എഫിനെ ( Rapid Support Forces) ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍എസ്എഫ് തിരിച്ചടിച്ചുവെന്നും പ്രദേശത്തെ താമസക്കാരില്‍ ഒരാളായ അബ്ദുള്‍-റഹ്‌മാന്‍ പറഞ്ഞു. ഈ പ്രദേശം ഒരു നരകതുല്യമാണെന്നും 24 മണിക്കൂറും യുദ്ധം ചെയ്യുന്നതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്‍ അധ്യക്ഷനായ സൈന്യവും ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയുടെ നേതൃത്വത്തിലുളള അര്‍ദ്ധ സൈനിക സേനയും തമ്മിലുളള സംഘര്‍ഷം ഏപ്രില്‍ പകുതിയോടെ ആഭ്യന്തരകലാപമായി മാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി ഹൈതം മുഹമ്മദ് ഇബ്രാഹിം കഴിഞ്ഞ മാസം ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎന്‍ കണക്കുകള്‍ പ്രകാരം 2.9 ദശലക്ഷത്തിലധികം ആളുകള്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് സുഡാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയോ അയല്‍ രാജ്യങ്ങളിലേക്ക് കടക്കുകയോ ചെയ്തു.

സംഘര്‍ഷം ആഫ്രിക്കന്‍ രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും കാര്‍ട്ടൂമിനെയും മറ്റ് നഗരപ്രദേശങ്ങളെയും യുദ്ധക്കളങ്ങളാക്കി മാറ്റുകയും ചെയ്തു. അര്‍ദ്ധസൈനിക സേനയിലെ അംഗങ്ങള്‍ സംഘട്ടനത്തിന്റെ തുടക്കം മുതല്‍ ജനങ്ങളുടെ വീടുകളും മറ്റ് സ്വത്തുക്കളും കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് താമസക്കാരും പ്രവര്‍ത്തകരും പറയുന്നു. കാര്‍ട്ടൂമിലും ഒംദുര്‍മാനിലും വ്യാപകമായ നശീകരണവും കൊള്ളയും നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുന്നതുള്‍പ്പെടെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഖാര്‍ത്തൂമിലും പടിഞ്ഞാറന്‍ ഡാര്‍ഫൂര്‍ മേഖലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മിക്കവാറും എല്ലാ കേസുകളും ആര്‍എസ്എഫിനെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ അവര്‍ ഈ ആരാപണത്തോട് പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച, യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ഉള്‍പ്പെടെയുള്ള ഉന്നത യുഎന്‍ ഉദ്യോഗസ്ഥര്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here