മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കരൺ ജോഹറിനെ വിളിച്ചുവരുത്താൻ മുംബൈ പൊലീസ് തീരുമാനിച്ചു. ബോളിവുഡിലെ പ്രമുഖരുടെ അടക്കം നാൽപ്പതിൽ അധികം വ്യക്തികളുടെ മൊഴി ഇതുവരെ മുംബൈ പൊലീസ് രേഖപ്പെടുത്തി. ഇന്നലെ സംവിധായകൻ മഹേഷ് ഭട്ടിന്റെ മൊഴിയെടുത്തു. സുശാന്ത് സിംഗിനെ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. തന്റെ ഒരു സിനിമയിലും സുശാന്ത് ഭാഗമായിരുന്നില്ല. രണ്ടാംതവണ സുശാന്തിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
നടന്റെ പെൺസുഹൃത്ത് റിയ ചക്രവർത്തി അവിടെയുണ്ടായിരുന്നുവെന്നും മഹേഷ് ഭട്ട് മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സുശാന്തിന്റെ മരണത്തിൽ ഏറെ പഴി കേട്ട സംവിധായകൻ കരൺ ജോഹറിന്റെ മൊഴിയെടുക്കാൻ മുംബൈ പൊലീസ് തീരുമാനിച്ചത്. നടനെ ബോളിവുഡിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചെന്നാണ് കരൺ ജോഹറിനെതിരെ ഉയർന്ന ആരോപണം. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യും.