പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു;

0
84

ഇടുക്കി മൂലമറ്റത്ത് തിവേണി സംഗമത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. മൂലമറ്റം സജി ഭവനില്‍ ബിജു (54), സന്തോഷ് ഭവനില്‍ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തില്‍ രാവിലെ പതിനൊന്നുമണിയോടു കൂടിയാണ് അപകടമുണ്ടായത്.

ത്രിവേണി സംഗമത്തില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവര്‍. ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു

ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരുടെ കരച്ചില്‍കേട്ടെത്തിയ സമീപവാസികളായ ആളുകളാണ് പുഴയില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് രണ്ടുപേരുടേയും മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹങ്ങള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം, മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതാണ് പുഴയില്‍ പെട്ടെന്ന് വെള്ളം കൂടാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതുസംബന്ധിച്ച് പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here