പുതിയ പാര്‍ലെമെന്റ് മന്ദിരത്തില്‍ ആദ്യ പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് പുതിയ പാര്‍ലമെന്റെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് വെറുമൊരു കെട്ടിടമല്ല, 140 കോടി ഇന്ത്യന്‍ ജനതയുടെ അഭിലാഷത്തിന്റെ പ്രതീകമാണ്. ഇത് ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചുള്ള സന്ദേശം ലോകത്തിന് നല്‍കുന്നുവെന്നും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം ലോക പുരോഗതിക്കും സംഭാവന നല്‍കും. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകവും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്ന് ഇന്ത്യ ആ കൊളോണിയല്‍ ചിന്താഗതി ഉപേക്ഷിച്ചു. കുറെ വര്‍ഷത്തെ വിദേശ ഭരണം നമ്മുടെ അഭിമാനത്തെ നമ്മില്‍ നിന്ന് അപഹരിച്ചിരുന്നു. ഇന്ന് ഇന്ത്യ ആ കൊളോണിയല്‍ ചിന്താഗതി ഉപേക്ഷിച്ചു’ മോദി പറഞ്ഞു
പുതിയ പാര്‍ലമെന്റിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘പുതിയ പാര്‍ലമെന്റിന്റെ ആവശ്യം ഉണ്ടായിരുന്നു. വരും കാലത്ത് സീറ്റുകളുടെയും എംപിമാരുടെയും എണ്ണം വര്‍ദ്ധിക്കും. അതിനാല്‍ പുതിയ പാര്‍ലമെന്റ് രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.’ പ്രധാനമന്ത്രി പറഞ്ഞു.
ആധുനിക സൗകര്യങ്ങളും അത്യാധുനിക ഗാഡ്ജെറ്റുകളുമാണ് മന്ദിരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 60,000 ത്തിലധികം തൊഴിലാളികള്‍ക്ക് ഇത് തൊഴില്‍ നല്‍കി. അവരുടെ അധ്വാനത്തെ ബഹുമാനിക്കാന്‍ ഞങ്ങള്‍ ഒരു ഡിജിറ്റല്‍ ഗാലറി സൃഷ്ടിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
പുതിയ പാര്‍ലമെന്റില്‍ തന്റെ ആദ്യ പ്രസംഗം അവസാനിപ്പിച്ച ശേഷം അദ്ദേഹം നിരവധി നേതാക്കളുമായി സംവദിക്കുകയും ചെയ്തു.