മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ മണിപ്പൂർ വിഷയം പരിഗണിക്കവെ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
സുപ്രീം കോടതി വിളിപ്പിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നലെ തന്നെ ഡൽഹിയിലെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പുറത്ത് വരുന്ന സൂചനകൾ. അതേസമയം, സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐടിഎൽഎഫ്) നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച നടത്തുന്നത്. മെയ് 29 നും ജൂൺ 1 നും ഇടയിൽ മണിപ്പൂർ സന്ദർശനത്തിനിടെ ഐടിഎൽഎഫ് നേതാക്കൾ ഷായെ കണ്ടിരുന്നു. അതിനിടെ, സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ അഞ്ച് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.