ബംഗളൂരു: ഭരണഘടന ശില്‍പി ഡോ.ബി.ആര്‍. അംബേദ്കറെ അപമാനിച്ച് നാടകം അവതരിപ്പിച്ച സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ്‍ നിര്‍ദേശം നല്‍കി.
നാടകം നിര്‍ഭാഗ്യകരമാണെന്നും ലോകം ആദരിക്കുന്ന അംബേദ്കറെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. സര്‍വകലാശാല യുവജനോത്സവത്തിന്‍റെ ഭാഗമായി നടന്ന നാടകത്തിലാണ് അംബേദ്കറെ വിദ്യാര്‍ഥികള്‍ അപമാനിച്ചത്. ബിയര്‍ അംബേദ്കര്‍ എന്നാണ് നാടകത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നേരത്തെ, സംഭവത്തില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജെയിന്‍ സര്‍വകലാശാലയിലെ മാനേജ്മെന്‍റ് വിഭാഗം പ്രിന്‍സിപ്പലും ഏഴ് വിദ്യാര്‍ഥികളും ഒരു സ്റ്റാഫിനെയുമാണ് നേരത്തെ അറസ്റ്റ് ചെയ്തത്. നാടക ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദലിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. നാടകം അവതരിപ്പിച്ച സംഘത്തിലെ വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു.