വടക്കഞ്ചേരി: നാട്ടിന്‍പുറത്ത് ചെറുതും വലുതുമായ ചക്കകള്‍ക്ക് കച്ചവടക്കാരെത്തിത്തുടങ്ങി. ഇടത്തരം ചക്കയ്ക്ക് 20ഉം ഇടിച്ചക്ക അഞ്ചുരൂപ മുതലും വില കണക്കാക്കിയാണ് കച്ചവടക്കാര്‍ ഒരു പ്ലാവില്‍ നിന്ന് മുഴുവന്‍ ചക്കയും വാങ്ങുന്നത്.
ചെറുകിട കച്ചവടക്കാര്‍ ചെറുവാഹനങ്ങളില്‍ ചക്ക ശേഖരിച്ച് വടക്കഞ്ചേരിയിലെ മൊത്തവ്യാപാരിക്ക് കൈമാറും.
നേരത്തെ ചക്ക പഴുക്കാറാകുമ്ബോള്‍ നാമമാത്രമായി കൊണ്ടുപോയിരുന്ന സ്ഥാനത്താണ് മുഴുവന്‍ ചക്കയും വലിപ്പച്ചെറുപ്പമില്ലാതെ വാങ്ങാന്‍ കച്ചവടക്കാരെത്തുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. കുരങ്ങ്, മലയണ്ണാന്‍, തുടങ്ങി കാട്ടാന വരെയുള്ള വന്യജീവികള്‍ പ്ലാവുള്ള വീട്ടുപറമ്ബുകളിലും മറ്റും ചക്ക പഴുക്കുന്ന സീസണില്‍ ഭീഷണിയായിരുന്നു. നേരത്തെയുള്ള വില്പന മൂലം ഇത്തരം വന്യജീവി ശല്യം ഒഴിവാകുന്നതിന്റെ ആശ്വാസത്തിലാണ് മലയോര നിവാസികള്‍. ആവശ്യത്തില്‍ കവിഞ്ഞുണ്ടാകുന്ന ചക്കയ്ക്ക് അവിചാരിതമായി വില ലഭിക്കുന്നത് നാട്ടുകാര്‍ക്ക് അധിക വരുമാനമായി.
ചക്ക കൂടുതലായും കൊണ്ടുപോകുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് എന്നതും പ്രത്യേകതയാണ്. ബാംഗ്ലൂര്‍, കല്‍ക്കട്ട, പൂന, മുംബൈ, ഡല്‍ഹി തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ദിവസവും രണ്ടും മൂന്നും ലോഡ് പച്ചച്ചക്ക പ്രദേശത്ത് നിന്ന് കയറ്റി അയക്കുന്നു.
ചക്ക കൊണ്ട് നിരവധി ഉല്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കിലും അടുത്തകാലം വരെ സംസ്ഥാനത്ത് സ്ഥിരം വിപണി ഇല്ലായിരുന്നു. പച്ചചക്ക പൊടിച്ച് വൈവിദ്ധ്യമായ ഭക്ഷ്യോല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ഉത്തരേന്ത്യയിലേക്കുള്ള കയറ്റുമതി ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത്.
ചക്കയുടെ പോഷകമൂല്യവും പ്രാധാന്യവും ആളുകള്‍ തിരിച്ചറിഞ്ഞതിനാല്‍ ഓരോ വര്‍ഷവും ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ്. പച്ചചക്ക പൊടിച്ചുണക്കി നിരവധി കമ്ബനികള്‍ വിവിധതരം ഉല്പന്നങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്.