ബംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ചാനേതാവ് പ്രവീൺ നെട്ടാരുവിന്‍റെ ഭാര്യയ്ക്ക് കർണാടക സർക്കാർ പുനർ നിയമനം നൽകി. ജോലിയിൽനിന്ന് പിരിച്ചുവിട്ട് ഒരു ദിവസത്തിനുശേഷമാണ് പ്രവീൺ നെട്ടാരുവിന്‍റെ ഭാര്യ നുതന കുമാരിയെ സർവിസിൽ തിരിച്ചെടുത്തത്. നുതന കുമാരിയെ സർവിസിൽ തിരിച്ചെടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകിയിരുന്നു.
പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ മുൻ സർക്കാർ നിയമിച്ച താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നത് സ്വാഭാവിക നടപടിയാണെന്നാണ് സിദ്ദരാമയ്യ പറഞ്ഞത്. ‘പ്രവീൺ നെട്ടാരുവിന്‍റെ ഭാര്യ മാത്രമല്ല; 150 കരാർ തൊഴിലാളികളെ സർവിസിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. അതിൽ സർക്കാറിന്റെ പ്രത്യേക ഇടപെടലില്ല. നുതന കുമാരിയുടേത് പ്രത്യേക കേസായി പരിഗണിച്ച്, മാനുഷിക പരിഗണനയിൽ അവരെ പുനർനിയമിക്കും -സിദ്ധരാമയ്യ ട്വീറ്റിൽ വ്യക്തമാക്കി.
നുതന കുമാരിയെ 2022 സെപ്തംബർ 22ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയുടെ ഓഫീസിൽ സീനിയർ അസിസ്റ്റന്റായി (ഗ്രൂപ്പ് സി) നിയമിച്ചുകൊണ്ട് ബിജെപി സർക്കാർ ഉത്തരവിറക്കിയിരുന്നു. പിന്നീട്, കുമാരിയുടെ അഭ്യർത്ഥന പ്രകാരം, അവളെ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് നിയമിക്കുകയായിരുന്നു.
നിലവിലെ മുഖ്യമന്ത്രി അധികാരത്തിൽ ഇരിക്കുന്നത് വരെയോ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയോ അവർ സർവീസിൽ ഉണ്ടായിരിക്കുമെന്ന് അന്ന് നൽകിയ നിയമന ഉത്തരവിൽ പറഞ്ഞിരുന്നു. 2022 ജൂലൈ 26നാണ് ബെള്ളാരെയിൽ പ്രവീൺ നെട്ടാരു (32) കൊല്ലപ്പെടുന്നത്.