ഏഷ്യാ കപ്പ്: പാക്കിസ്ഥാന്‍റെ ഹൈബ്രിഡ് മോഡല്‍ തള്ളി.

0
51

മുംബൈ: ഈ വര്‍ഷം സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍ ബിസിസിഐ തള്ളി. പാക്കിസ്ഥാനില്‍ കളിക്കാനില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്പക്ഷ വേദിയില്‍ നടത്താനും മറ്റ് ടീമുകളുടെ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്താനുമുള്ള നിര്‍ദേശം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി മുന്നോട്ടുവെച്ചിരുന്നു.

എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഏഷ്യാ കപ്പ് കളിക്കാനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് വരുന്നില്ലെങ്കില്‍ ഈ വര്‍ഷ അവസാനം നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് വരില്ലെന്നും ലോകകപ്പ് ബഹിഷ്കരിക്കുമെന്നും പാക്കിസ്ഥാന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മയപ്പെടുത്തി ഇന്ത്യയില്‍ കളിക്കാന്ഡ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നടത്തിയില്ലെങ്കില്‍ ശ്രീലങ്കയില്‍ നടത്തണമെന്ന നിര്‍ദേശവും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലുണ്ട്. യുഎഇ ആണ് നിഷ്പക്ഷ വേദിയായി കാണുന്നതെങ്കിലും സെപ്റ്റംബര്‍ മാസങ്ങളില്‍ യുഎഇയിലെ കനത്ത ചൂട് കണക്കിലെടുത്താണ് ശ്രീലങ്കയിലേക്ക് ടൂര്‍ണമെന്‍റ് മാറ്റുന്ന കാര്യം പരിഗണിക്കുന്നത്.

ഏഷ്യാ കപ്പ് വേദി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ ഫൈനല്‍ മത്സരം കാണാന്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ തലവന്‍മാരെ ബിസിസിഐ ഔദ്യോഗദികമായി ക്ഷണിച്ചു. ഐപിഎല്‍ ഫൈനലിനിടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍മാരുമായി ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നവടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ നിലപാടിന് പിന്തുണ ഉറപ്പിക്കുക എന്നത് കൂടി ലക്ഷ്യമാണ്. അതേസമയം, പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനെ ഐപിഎല്‍ ഫൈനല്‍ കാണാന്‍ ക്ഷണിച്ചിട്ടില്ല. ഐപിഎല്‍ ഫൈനലിനിടെ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍മാരുമായി ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. 28ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനല്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here