ബംഗളൂരു: കര്‍ണാടകയെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പുതിയ പൊലീസ് മേധാവി അലോക് മോഹൻ പറഞ്ഞു.
1987 ബാച്ച് ഐ.പി.എസ് ഓഫിസറായ അദ്ദേഹത്തെ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. ഹോംഗാര്‍ഡ്സിന്റെ ഡി.ജി.പി ആൻഡ് കമാൻഡന്റ് ജനറലും ഫയര്‍ഫോഴ്സ്-എമര്‍ജൻസി സര്‍വിസസ് ഡയറക്ടര്‍ ജനറലുമായ അലോക് മോഹന് പൊലീസ് മേധാവിയുടെ കൂടി ചുമതല നല്‍കുകയായിരുന്നു. മുൻ മേധാവിയായ പ്രവീണ്‍ സൂദ് സി.ബി.ഐ ഡയറക്ടറായി നിയമിതനായതിനാലാണിത്.
ഔദ്യോഗിക അധികാര കൈമാറ്റത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുതിയ പൊലീസ് മേധാവി. ആസൂത്രിത കുറ്റകൃത്യങ്ങളോടും കുറ്റക്കാരോടും ഒരുവിധ ദാക്ഷിണ്യവുമുണ്ടാവില്ല. നീതിന്യായവ്യവസ്ഥ സംരക്ഷിക്കും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനും മുൻഗണന നല്‍കും.
പൂര്‍ണമായും മയക്കുമരുന്നില്‍നിന്ന് മുക്തമായ സംസ്ഥാനം ഉണ്ടാക്കുകയാണ് പരമമായ ലക്ഷ്യം. ഇതിനാല്‍തന്നെ കുറ്റവാളികളോട് ഒരുതരത്തിലുമുള്ള ദാക്ഷിണ്യവുമുണ്ടാവില്ല. ചൂതാട്ടം, വേശ്യാവൃത്തി, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിന്തുടരുകയും അത്തരം സങ്കേതങ്ങളില്‍ പരിശോധന നടത്തുകയും ചെയ്യും.
കൃത്യമായ അന്വേഷണം നടത്തി മയക്കുമരുന്ന് മാഫിയകളുടെ അടിത്തറ കണ്ടെത്തി മയക്കുമരുന്ന് ശൃംഖല തകര്‍ക്കും. പുതിയകാലത്ത് സൈബര്‍ കുറ്റകൃത്യങ്ങളാണ് കൂടുതല്‍. ഭാവിയില്‍ വ്യാപകമാകുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി പൊലീസുകാര്‍ക്ക് വേണ്ട പരിശീലനം നല്‍കും.
ഇതിനായുള്ള സാങ്കേതിക വിദ്യയില്‍ പൊലീസുകാര്‍ക്ക് അവഗാഹമുണ്ടാക്കും. പരാതികളില്‍ നടപടിയെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പൊതുജനങ്ങളുമായുള്ള പൊലീസിന്റെ നല്ല ബന്ധം ഏറെ പ്രധാനപ്പെട്ടതാണ്. പൊലീസ് മനുഷ്യാവകാശങ്ങളെ മതിക്കണം. സുപ്രീംകോടതിയുടെയും ഹൈകോടതിയുടേയും വിധികള്‍ അനുസരിക്കുകയും വേണം. പൊലീസുകാര്‍ക്ക് സാമൂഹികവിരുദ്ധരുമായും കുറ്റവാളികളുമായും ബന്ധമുണ്ടാകരുത്. അത്തരക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ഒരു കുറ്റവാളി യൂനിഫോമിലായാലും അല്ലെങ്കിലും കുറ്റവാളി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരങ്ങളിലെയും ഹൈവേകളിലെയും ഗതാഗത സംവിധാനം കുറ്റമറ്റതാക്കുന്ന കാര്യത്തിലും മുൻഗണന നല്‍കും. നിയമം ലംഘിച്ച വാഹനങ്ങള്‍ പരിശോധിക്കുന്നതിനുമപ്പുറം റോഡുകളിലെ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുകയാണ് ചെയ്യുക. നിയമവാഴ്ചയെ സംരക്ഷിക്കുന്ന കാര്യത്തില്‍ പൊലീസുകാരുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് ഏറെ പ്രാധാന്യമുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്നും പുതിയ പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.