കറുകച്ചാൽ • ലോ ഫ്ലോർ ബസുകൾ ഷോപ്പുകളായി മാറ്റിയെങ്കിൽ ക്ലാസ് മുറികളുമായി മാറ്റാമെന്ന് കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം പറയുന്നു.ഒന്നോ രണ്ടോ ബസുകൾ ചേർത്ത് മുറികൾ നിർമിക്കാൻ കഴിയും. മറ്റ് ബസുകളെ അപേക്ഷിച്ച് കൂടുതൽ സ്ഥല സൗകര്യവും ലോ ഫ്ലോർ ബസുകൾക്കുണ്ട്.
ഒരു ലക്ഷം രൂപയ്ക്ക് ഓരോ ബസും ക്ലാസ് മുറികളാക്കി മാറ്റിയെടുക്കാനാകുമെന്ന് മെക്കാനിക്കൽ എൻജിനീയർമാർ പറയുന്നു. 50 സീറ്റ് കപ്പാസിറ്റിയുള്ള ബസുകൾ ക്ലാസ് മുറികളാക്കുമ്പോൾ 25 പേർക്കു സൗകര്യമായിരുന്നു പഠിക്കാൻ കഴിയും. നിലവിലുള്ള എസി ലോ ഫ്ലോർ ബസുകളിൽ 6 എംഎം ചില്ല് വിൻഡോയാണ് ഷട്ടറിനു പകരം സ്ഥാപിച്ചിരിക്കുന്നത്. ഇവ എടുത്തുമാറ്റുകയോ വായു സഞ്ചാരം ലഭിക്കാൻ മറ്റു സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണം.
12 മീറ്റർ നീളവും 2.74 മീറ്റർ വീതിയുമുള്ള ലോ ഫ്ലോർ ബസുകളിൽ 33 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്ഥലം ലഭിക്കും. ഇതു ക്ലാസ് മുറിയാക്കാൻ വലിയ നിർമാണം വേണ്ടി വരില്ല.അതേസമയം 36 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കോൺക്രീറ്റ് മുറി നിർമിക്കുന്നതിന് 7 ലക്ഷം രൂപ ചെലവ് വരുമെന്ന് റജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്‌ഫെഡ്) ജില്ലാ പ്രസിഡന്റ് മനോജ് സലാം പറയുന്നു.
കെഎസ്ആർടിസി ബസുകളിൽ ക്ലാസ് നടത്തുന്നത് വിദ്യാർഥികൾക്ക് വേറിട്ടൊരു അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി അധികൃതർ. സ്കൂൾ മുറ്റത്ത് തയാറാക്കുന്ന ‘ ബസ് ക്ലാസ് മുറികൾ ’ ആവശ്യത്തിന് അനുസരിച്ച് മാറ്റിയിടാൻ കഴിയും. എന്നാൽ സ്കൂൾ വളപ്പിൽ കൂടുതൽ ബസുകൾ പാർക്ക് ചെയ്ത് ക്ലാസ് മുറികൾ നടത്തുമ്പോൾ കുട്ടികളുടെ വിനോദത്തിനുള്ള സ്ഥലം നഷ്ടമാകാൻ ഇടയുണ്ടെന്ന ആശങ്കയുമുണ്ട്.