കടുത്ത വിവേചനം മൂലമാണ് തന്റെ ക്രിക്കറ്റ് കരിയർ തകർന്നതെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരവും ഹിന്ദുമത വിശ്വാസിയുമായ ഡാനിഷ് കനേരിയ പറഞ്ഞു. വാഷിംഗ്ടണില്‍ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു കനേരിയ. “ഞങ്ങൾ എല്ലാവരും ഇവിടെ ഒത്തുകൂടി, പാകിസ്ഥാനിൽ ഞങ്ങളോട് എങ്ങനെയാണ് പെരുമാറിയിരുന്നുവെന്നതിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഞങ്ങൾ വിവേചനം നേരിട്ടു, ഇന്ന് ഞങ്ങൾ അതിനെതിരെ ശബ്ദമുയർത്തി.” – പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഡാനിഷ് കനേരിയ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
‘ഞാനും കടുത്ത വിവേചനത്തിന്റെ ഇരയാണ്. എന്റെ കരിയർ തകർക്കപ്പെട്ടു. പാകിസ്ഥാനിൽ എനിക്ക് അർഹതപ്പെട്ട തുല്യതയോ ബഹുമാനമോ ലഭിച്ചിരുന്നില്ല. വിവേചനം നേരിട്ടതിന്റെ ഫലമായാണ് ഞാൻ ഇന്ന് അമേരിക്കയിലുള്ളത്. തങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് അമേരിക്കയെ അറിയിക്കാനും, അവബോധം വളർത്താനുമാണ് ഇക്കാര്യം പറഞ്ഞതെന്നും ഡാനിഷ് കനേരിയ പറയുന്നു.
പാകിസ്ഥാനു വേണ്ടി 61 ടെസ്റ്റുകൾ കളിച്ച ഡാനിഷ് കനേരിയ, ആ രാജ്യത്തിനായി കളിക്കുന്ന രണ്ടാമത്തെ ഹിന്ദു ക്രിക്കറ്റ് താരമാണ്. ഷാഹിദ് അഫ്രീദി ഇസ്ലാം മതം സ്വീകരിക്കാൻ തന്നെ പലതവണ സമ്മർദ്ദത്തിലാക്കിയതായും അദ്ദേഹം തുറന്നുപറഞ്ഞു.‘എന്റെ കരിയറിൽ ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു, കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇൻസമാം ഉൾ ഹഖ് എന്നെ വളരെയധികം പിന്തുണച്ചു, അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു. ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാകിസ്ഥാൻ കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു, എന്നോടൊപ്പം ഭക്ഷണം പോലും കഴിച്ചിരുന്നില്ല. മതം മാറാൻ എന്നോട് പറഞ്ഞ പ്രധാന വ്യക്തി ഷാഹിദ് അഫ്രീദിയായിരുന്നു, അദ്ദേഹം പലപ്പോഴും അങ്ങനെ സമ്മർദം ചെലുത്തിയിരുന്നു. ഇൻസമാം ഉൾ ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല’- കനേരിയ വെളിപ്പെടുത്തി.പാകിസ്ഥാന് വേണ്ടി കളിച്ച ആദ്യ ഹിന്ദു മതക്കാരനായ അനിൽ ദൽപത്തിൻ്റെ അടുത്ത ബന്ധുവാണ് ഡാനിഷ് കനേരിയ. മറ്റൊരു ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗത്തിൽ പെട്ട യൂസഫ് യുഹാന പാകിസ്ഥാൻ ക്യാപ്ടൻ ആയിരുന്നു. അദ്ദേഹം പിന്നീട് മതം മാറി മുഹമ്മദ് യൂസഫ് ആയി.