പാലക്കാട്: റോഡ് കാമറ നിരീക്ഷണത്തില്‍നിന്നോ പിഴയീടാക്കുന്നതില്‍നിന്നോ വി.ഐ.പികളെ ഒഴിവാക്കാനാവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
വി.ഐ.പികളാണെങ്കിലും നിയമം ലംഘിച്ചാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമിറക്കേണ്ടെന്നാണ് വകുപ്പിന്റെ തീരുമാനം. വിവരാവകാശ പ്രവര്‍ത്തകൻ ബോബൻ മാട്ടുമന്തയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് വകുപ്പ് നിലപാട് വ്യക്തമാക്കിയത്.
732 എ.ഐ കാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാര്‍ക്കിങ്ങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക, 250 രൂപ. അമിതവേഗം, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെയുള്ള യാത്ര, ഡ്രൈവ് ചെയ്യുമ്ബോഴുള്ള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എ.ഐ കാമറകള്‍ പിടികൂടുന്നത്.
ഇരുചക്രവാഹനങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ ഈടാക്കും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. വി.ഐ.പി വാഹനങ്ങളടക്കമുള്ളവയുടെ ഇളവ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ച സജീവമായിരുന്നു. ഇതേതുടര്‍ന്നാണ് ബോബൻ മാട്ടുമന്ത വിവരാവകാശ നിയമത്തിലൂടെ വിവരം തേടിയത്.
പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കാമറകള്‍ കണ്ടെത്തിയിരുന്നു. നേരത്തെ മേയ് 20 മുതല്‍ പിഴ ഈടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഗതാഗതമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ ഇത് ജൂണ്‍ അഞ്ചിലേക്ക് നീട്ടി. മേയ് അഞ്ച് മുതലാണ് ബോധവത്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നല്‍കിയ ശേഷം പിഴയീടാക്കി തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.