ലക്നൗ: ഉത്തര്‍പ്രദേശില്‍ ഒമ്ബതു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്കൂളുകള്‍ ഈ മാസം 19നു തുറക്കും. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാവും ക്ലാസുകള്‍ നടക്കുകയെന്ന് സംസ്ഥാന സര്‍ക്കാര്‍. രക്ഷകര്‍ത്താക്കളുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയാണ് കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കുക. ഷിഫ്റ്റുകളായാണ് ക്ലാസ് നടത്തുന്നത്. ആദ്യ ഷിഫ്റ്റില്‍ 9, 10 ക്ലാസുകളിലെ പഠനമാണ്. 11, 12 ക്ലാസുകാര്‍ക്ക് രണ്ടാം ഷിഫ്റ്റ്.
ഒരു ദിവസം 50 ശതമാനം വിദ്യാര്‍ഥികള്‍ക്കാവും ക്ലാസെടുക്കുക. പിറ്റേന്ന് ബാക്കി 50 ശതമാനത്തിന്. കുട്ടികള്‍ തമ്മില്‍ സാമൂഹിക അകലം പാലിച്ചാണ് ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തുമെന്ന് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ പറഞ്ഞു.4.33 ലക്ഷത്തിലേറെ കൊവിഡ് കേസുകളാണ് ഇതുവരെ ഉത്തര്‍പ്രദേശിലുള്ളത്. 6,353 പേര്‍ സംസ്ഥാനത്തു മരിച്ചിട്ടുണ്ട്. ഇപ്പോള്‍ ചികിത്സയിലുള്ളത് 40,210 പേരാണ്. റിക്കവറി നിരക്ക് 90 ശതമാനത്തിന് അടുത്തെത്തിയ സംസ്ഥാനത്ത് ആക്റ്റിവ് കേസുകളും ദിനംപ്രതി കുറഞ്ഞുവരികയാണ്. ഇന്നലെ സ്ഥിരീകരിച്ചത് 3,099 കേസുകള്‍.