മുംബൈ: 78ആം പിറന്നാല്‍ നിറവില്‍ ബോളിവുഡ് ഷഹന്‍ഷാ അമിതാബ് ബച്ചന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും പുത്രനായി 1942 ഒക്ടോബര്‍ 11ന് ഉത്തര്‍പ്രദേശിലെ അലഹബാദിലായിരുന്നു ആദേഹത്തിന്‍റെ ജനനം.
ഇന്ത്യയിലെ ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. നൈനിറ്റാള്‍ ഷെയര്‍വുഡ് കോളജിലും ഡല്‍ഹി യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബച്ചന്‍, കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കിയ ശേഷമാണ് സിനിമാരംഗത്തെത്തുന്നത്.
1968ലാണ് അദ്ദേഹം മുംബൈയില്‍ എത്തുന്നത്. 1969ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്.എന്നാല്‍ ഈ ചിത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല എങ്കിലും ഈ ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ബച്ചന് നേടിക്കൊടുത്തു.
പിന്നീട്, 1971-ല്‍ സുനില്‍ ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ബച്ചന്‍ ബോളിവുഡില്‍ ശ്രദ്ധേയനാവുന്നത്. 1971ല്‍ തന്നെ പുറത്തിറങ്ങിയ ആനന്ദ് എന്ന ചലച്ചിത്രത്തിലെ ഡോക്ടറുടെ വേഷം ബച്ചന് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്തു. പിന്നീട് അദ്ദേഹത്തിന് പിന്‍തിരിഞ്ഞു നോക്കേണ്ട ആവശ്യ൦ വന്നിട്ടില്ല എന്ന് തന്നെ പറയാം.1973ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ എന്ന ചിത്രത്തിലെ ‘ക്ഷുഭിതയുവാവ്’ അമിതാബ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി. എന്നാല്‍, 1975-ല്‍ പുറത്തിറങ്ങിയ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ‘ഷോലെ’ആണ് അദ്ദേഹത്തിന്‍റെ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാമത്.
എണ്ണമറ്റ ദേശീയ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും, ഒപ്പം ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരവും അമിതാഭ് ബച്ചനെ തേടിയെത്തി.190ലധികം ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് ബോളിവുഡിലെ ഷഹന്‍ഷാ, സാദി കാ മഹാനായക് (നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടന്‍), സ്റ്റാര്‍ ഓഫ് മില്ലേനിയം, ബിഗ് ബി, എന്നിങ്ങനെ പരാമര്‍ശങ്ങള്‍ ഏറെയാണ്.ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്നതാണ് അമിതാബ് ബച്ചന്‍റെ അഭിനയജീവിത൦.