ഇന്ത്യൻ പ്രീമിയർ ലീഗ് 2023 പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടാൻ ഒരുങ്ങുകയാണ്. ഗുജറാത്തും ചെന്നൈയും ഈ സീസണിൽ ലീഗ് ഘട്ടത്തിൽ ഏറ്റവും പ്രബലരായ ടീമുകളായിരുന്നു, സീസണിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ രണ്ട് ടീമുകളായിരുന്നു ഇവർ.
മെയ് 23 ചൊവ്വാഴ്‌ച എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ ഹർദിക് പാണ്ഡ്യയുടെ ടീമിന് ചെന്നൈ സൂപ്പർ കിംഗ്‌സ് ആതിഥേയത്വം വഹിക്കും. ഒരു പക്ഷേ ചെപ്പോക്കിലെ ധോണിയുടെ അവസാന ഐപിഎൽ മത്സരം ആയിരിക്കാം ഇത് എന്നതിനാൽ തന്നെ പാണ്ഡ്യയുടെ ടീമിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ആർത്തിരമ്പുന്ന മഞ്ഞ കടലിന് മുന്നിൽ കളിക്കുക എന്നതാവും.
സ്‌പിൻ ദ്വയങ്ങളുടെ പോരാട്ടം
ഗുജറാത്തിന്റെ ആയുധപ്പുരയിൽ അഫ്‌ഗാൻ സ്‌പിൻ കരുത്താണ് മുതൽക്കൂട്ട്. റാഷിദ് ഖാനും പുതുമുഖം നൂർ അഹമ്മദും. ട്രാക്ക് അവരെ സഹായിച്ചാൽ, ജിടിയിൽ ഒരുമിച്ച് പന്തെറിയുന്ന ഈ ജോഡിയെ നേരിടുക എന്നത് സിഎസ്‌കെയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.
മറുഭാഗത്ത് ടീം എക്കാലവും ആശ്രയിക്കുന്ന രവീന്ദ്ര ജഡേജയിൽ നിന്നും, ശ്രീലങ്കൻ സ്‌പിന്നർ മഹേഷ് തീക്ഷണയിൽ നിന്നും മികച്ച പ്രകടനമാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്. അവർക്ക് സാഹചര്യങ്ങൾ നന്നായി അറിയാം, ഈ സീസണിൽ ഗുജറാത്ത് ചെന്നൈയിൽ ഒരു കളി പോലും കളിച്ചിട്ടില്ലെന്ന വസ്‌തുത മുതലെടുക്കാൻ അവർക്ക് കഴിഞ്ഞാൽ പോരാട്ടം കടുക്കും.
ചെപ്പോക്കിലെ റെക്കോർഡ്
എംഎസ് ചിദംബരം സ്‌റ്റേഡിയത്തെ സിഎസ്‌കെ വിളിക്കുന്നത് അൻബുഡെൻ (സ്‌നേഹപൂർവം) എന്നാണ്. എങ്കിലും ഐപിഎൽ 2023 സീസണിൽ സിഎസ്‌കെയുടെ പതിവ് കോട്ടയിൽ നിന്ന് ചെപ്പോക്ക് വളരെ അകലെയാണ്, 7 മത്സരങ്ങളിൽ 4ലാണ് ഹോം ടീം വിജയിച്ചത്. ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ അവർ പരാജയപ്പെട്ടു.
ഇരു ടീമുകളുടെയും ശക്തി
മികച്ച ഓപ്പണിംഗ് കോമ്പിനേഷനാണ് ഇരു ടീമുകൾക്കും ഉള്ളത്. ചെന്നൈ നിരയിൽ റുതുരാജ് ഗെയ്‌ക്‌വാദും ഡെവൺ കോൺവെയും ഫോമിലാണെങ്കിൽ, ഗുജറാത്തിന് മറുപടിയായി ഇന്ത്യൻ ബാറ്റിംഗ് സെൻസേഷൻ ശുഭ്‌മാൻ ഗില്ലുണ്ട്.
ഐപിഎല്ലിൽ ബാക്ക് ടു ബാക്ക് സെഞ്ചുറികൾ നേടിയ ശുഭ്‌മാൻ ടൂർണമെന്റിന്റെ ചരിത്രത്തിൽ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരമാകാനുള്ള അവസരമാണ് ഇപ്പോൾ നേടിയിരിക്കുന്നത്. ഇന്ന് ഈ റെക്കോർഡ് താരം സ്വന്തമാക്കിയാൽ ഗുജറാത്തിന്റെ രണ്ടാം കിരീടത്തിലേക്കുള്ള ദൂരം ഒന്ന് കൂടി കുറയുമെന്ന് ഉറപ്പാണ്.