തിരുവനന്തപുരം: വിവാദപരമ്പരകൾക്കിടെ രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്. മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ അഴിമതി ആരോപണം ഉയരുന്നതിനിടെയാണ് വാർഷികം. അതേസമയം, വടക്ക് മുതൽ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിർമ്മാണം അടക്കം സർക്കാർ ഉയർത്തിക്കാട്ടുന്നത് നിരവധി വികസനമാതൃകകളാണ്.
ചരിത്രമായ ഭരണത്തുടർച്ച. കിറ്റെന്ന ഏറ്റവും ലഘുവായി പറയുന്ന കാരണത്തിനപ്പുറം തിളക്കമുണ്ടായിരുന്നു സ്വർണ്ണക്കടത്ത് കൊടുങ്കാറ്റ് അതിജീവിച്ചുള്ള പിണറായി സർക്കാരിന്റെ വിജയത്തിന്. പക്ഷെ അധികാരമേറ്റ് രണ്ട് വർഷം പിന്നിടുമ്പോഴും 2021 ലെ വിജയത്തിൻ്റെ ഹാംഗ് ഓവർ മാറാതെ സർക്കാർ. ആ വിജയം മാത്രം പറഞ്ഞ് എല്ലാ ആരോപണങ്ങളെയും വിമർശനങ്ങളെയും ഇന്നും നേരിടുന്നു. പുതിയ സർക്കാർ രണ്ട് വർഷം പിന്നിടുമ്പോൾ ആരോപണമുന ഏറ്റവുമധികം മുഖ്യമന്ത്രിക്ക് നേരെയാണ്.