തിരുവനന്തപുരം: രണ്ടാം വാർഷിക ആഘോഷ വേളയിൽ മാലിന്യ സംസ്കരണത്തിലെ സുപ്രധാന പദ്ധതിയിൽ നിന്നും സോൺടയെ മാറ്റി സർക്കാർ. കൊച്ചി ബ്രഹ്മപുരത്തെ വേസ്റ്റു ടു എനർജി പദ്ധതിയിൽ നിന്ന് സോൺട ഇൻഫ്രാടെക്കിനെ ഒഴിവാക്കി. മാലിന്യത്തിൽ നിന്നും സിഎൻജി ഉത്പാദിപ്പിക്കുന്ന പദ്ധതി ബിപിസിഎല്ലിന് കൈമാറിയെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മാലിന്യത്തിൽ നിന്നും വൈദ്യുതിയെന്ന മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയിലെ കരാറുകളിലെ കള്ളക്കളികളും, ബ്രഹ്മപുരം തീപിടുത്തവും സർക്കാരിന്‍റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേൽപിച്ചിരുന്നു.
മാലിന്യം കെട്ടികിടന്ന് ചീഞ്ഞ് നാറുന്ന കൊച്ചി നഗരം, നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ടും മാലിന്യ സംസ്കരണത്തിൽ കാര്യമായ പുരോഗതി ഇല്ലാതെ കോഴിക്കോട് നഗരസഭ, വിവാദ കമ്പനി സോൺട ഇൻഫ്രാടെക്കിനോട് നോ പറഞ്ഞ കണ്ണൂർ, കൊല്ലം നഗരസഭകൾ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ സന്ദർശന പഠനങ്ങളിൽ ഏറെ ചർച്ചയായ മാലിന്യ സംസ്കരണം ബ്രഹ്മപുരം തീപിടുത്തതോടെ സർക്കാരിന്‍റെ പ്രതിച്ഛായയെ തന്നെ മലിനമാക്കിയിരുന്നു. പ്രത്യേക ഉത്തരവിലൂടെയാണ് മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഏറ്റെടുത്തത്. എന്നാൽ കെഎസ്ഐടിസി നടത്തിയ ടെൻഡർ നടപടികളിൽ ക്രമക്കേടുകൾ ഉയർന്നു.