കറുകച്ചാല്‍: ബസ്സ്റ്റാന്‍ഡിനുള്ളിലെ ഓടകള്‍ നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നു.
രണ്ടാഴ്ചയായി മാലിന്യം പരന്നൊഴുകിയിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശക്തമായി മഴ പെയ്യുന്നതിനാല്‍ ഇവ ഒലിച്ച് ബസ്റ്റാന്‍ഡിനുള്ളിലൂടെ ഒഴുകുന്ന സ്ഥിതിയാണ്. ദുര്‍ഗന്ധം കാരണം ബസ്സ്റ്റാന്‍ഡിലും കാത്തിരിപ്പ് കേന്ദ്രത്തിലും നില്‍ക്കാനും കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിന്‍വശത്തുള്ള ഓടയാണ് നിറഞ്ഞത്. മണ്ണും ചളിയും മാലിന്യങ്ങളും നിറഞ്ഞതാണ് ഇത് കവിഞ്ഞൊഴുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ഓട വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായെന്നും പറയുന്നു. സമീപത്തെ വിവിധ കെട്ടിടങ്ങളില്‍നിന്നുള്ള മലിനജലം ഈ ഓടയിലേക്കാണ് ഒഴുകിയെത്തുന്നത്. പലരും പൈപ്പുകള്‍ ഓടയിലേക്കാണ് ഘടിപ്പിച്ചിട്ടുള്ളതും. മണ്ണും ചളിയും മാലിന്യവും കുഴഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാരികള്‍ക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ബസ് കാത്തുനില്‍ക്കുന്നവര്‍ മഴയുള്ളപ്പോള്‍ ഈ മലിനജലത്തില്‍ ചവിട്ടിയാണ് നടക്കുന്നതും. മുമ്ബ് മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ഓടകളെല്ലാം വൃത്തിയാക്കുമായിരുന്നു. എന്നാല്‍, ടൗണിലെ മിക്ക ഓടകളുടെയും സ്ഥിതി സമാനമാണ്.